Travel

വലിയ ഗർത്തങ്ങൾ രൂപം കൊള്ളുന്ന ഗ്രാമം; എന്താണ് ഇവിടുത്തെ പ്രത്യേകത

ഭൂമി ശാസ്ത്രപരമായി നിരവധി പ്രത്യേകതകൾ ഉള്ള സ്ഥലങ്ങൾ നമുക്കു ചുറ്റുമുണ്ട്. അവയിൽ പലതും നമ്മളില്‍ ഏറെ കൗതുകം ജനിപ്പിക്കുന്നവയാണ്. അത്തരത്തിൽ ഒരു ​ഗ്രാമം അങ്ങ് തുർക്കിയിലുണ്ട്, ‘സിങ്ക്‌ഹോളുകളുടെ ഗ്രാമം’ എന്നറിയപ്പെടുന്ന കോന്യ ബേസിൻ മേഖല ആണിത്. കൃഷി പ്രദേശം കൂടിയായ ഈ വലിയ പീഠഭൂമിയുടെ ഏറ്റവും വലിയ പ്രത്യേകത വലിയ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നു എന്നതാണ്. ഇങ്ങനെ രൂപപ്പെടുന്ന ​ഗർത്തങ്ങളിൽ പലതും സൂര്യപ്രകാശം പോലും എത്താത്ത വിധം അഗാധമാണ്.

എപ്പോൾ വേണമെങ്കിലും ഇത്തരത്തില്‍ അഗാധമായ കുഴികൾ രൂപപ്പെടുമെന്നുള്ളത് കൊണ്ട് ഇവിടുത്തെ ജനങ്ങൾക്ക് രാത്രി കാലങ്ങളിൽ സ്വസ്ഥമായി ഉറങ്ങാൻ പോലും ഇപ്പോള്‍ ഭയമാണ്. ഏത് നിമിഷം വേണമെങ്കിലും കാലിനടയിലെ മണ്ണ് താഴ്ന്ന്, ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയേക്കാമെന്നത് തന്നെ. വളരെ വ്യത്യസ്തമായ ഒരു ഭൂപ്രദേശമാണ് തുർക്കിയിലെ ഇ മേഖല. എപ്പോൾ വേണെങ്കിലും ഇവിടെ അ​ഗാധമായ ​ഗർത്തങ്ങൾ രൂപപ്പെട്ടേക്കാം എന്നതാണ് ഈ പ്രദേശത്തിന്‍റെ പ്രത്യേകത. എങ്കിൽക്കൂടിയും തുർക്കിയുടെ കാർഷിക മേഖലയുടെ ഹൃദയം എന്നറിയപ്പെടുന്ന പ്രദേശമാണ് കോന്യ.

ധാരാളം പാടങ്ങളും കൃഷിയിടങ്ങളും ഫാമുകളുമെല്ലാം ഇവിടെയുണ്ട്. എന്നാല്‍ 2,500 ​ഓളം ഗർത്തങ്ങൾ അടുത്ത കാലത്തായി ഇവിടെ രൂപപെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇവയിൽ 700 എണ്ണം ആഴം കൂടിയവയാണ്. എന്ന് വച്ചാല്‍ നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാരം എത്താത്ത അത്രയേറെ ആഴമേറിയവ. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ ​ഗർത്തങ്ങൾ പ്രദേശവാസികളുടെ ജീവിതത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ​ഗർത്തങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നതോടെ വ്യാപക കൃഷി നാശവും ഒപ്പം തങ്ങളുടെ വീടുകൾ തന്നെ നിന്നനില്‍പ്പില്‍ കുഴിയെടുക്കുമോയെന്ന ഭയവും പ്രദേശവാസികള്‍ക്കുണ്ട്.

ഈ അദ്ഭുത പ്രതിഭാസത്തിനു കാരണമായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത് അമിതമായ ഭൂഗർഭജല ചൂഷണമാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷത്തിലധികം കുഴൽക്കിണറുകൾ ഈ പ്രദേശത്തുണ്ട്. പ്രദേശത്തെ ഹെക്ടര്‍ കണക്കിന് വരുന്ന കൃഷിയിടങ്ങള്‍ നനയ്ക്കാന്‍ ആവശ്യമായ ജലം ഇത്തരത്തില്‍ കുഴല്‍ കിണറുകളില്‍ നിന്ന് എടുക്കുന്നു. ഭൂഗര്‍ഭ ജലം എടുക്കുമ്പോള്‍, ശൂന്യമാകുന്ന ഭൂമിയുടെ ഉള്‍ഭാഗത്തെ ചുണ്ണാമ്പ് പാറകള്‍ പൊട്ടി താഴേയ്ക്ക് ഇടിഞ്ഞ് വീഴുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഭാവിയില്‍ ഈ പ്രശ്നം രൂക്ഷമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.