മോസ്കോ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും അടക്കം എട്ടുപേർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഇറാനെ സഹായിക്കുമെന്ന് റഷ്യ. ഹെലികോപ്ടർ തകർന്നതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ മോസ്കോ തയ്യാറാണെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു പറഞ്ഞു.
റഷ്യയുടെ യഥാർഥ സുഹൃത്തായിരുന്നു ഇബ്രാഹിം റഈസിയെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് അയച്ച അനുശോചന സന്ദേശത്തിൽ റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിൻ അനുസ്മരിച്ചിരുന്നു.
റഷ്യയും തുർക്കിയയും അടക്കമുള്ള രാജ്യങ്ങൾ നൽകിയ സാങ്കേതിക സഹായം ഉപയോഗിച്ചാണ് കാണാതായ ഹെലികോപ്ടർ കണ്ടെത്തിയത്.
ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ഞായറാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപെട്ടത്. തെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു.