കവാർധ: ഛത്തീസ്ഗഡില്‍ പിക് അപ്പ് മറിഞ്ഞു 19 ആദിവാസികള്‍ മരിച്ചു. 4 പേര് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്. മരിച്ചവരില്‍ 15 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു.
ഛത്തിസ്ഗഠിലെ കബീർധാം ജില്ലയിലെ ബഹ്പാനി ഗ്രാമത്തിനടുത്തുള്ള ബഞ്ചാരി ഘട്ടിൽ തിങ്കളാഴ്ച ഉച്ചക്ക് 1.45നാണ് അപകടം. പിക്കപ്പ് ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ടു 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. കാട്ടിൽ നിന്ന് ബീഡി നിർമാണത്തിനുള്ള തെണ്ടു ഇല പറിച്ച ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
ചരക്ക് വാഹനം റോഡിൽനിന്ന് തെന്നിമാറി താഴേക്ക് വീഴുകയും താഴ്വരയിലെ റോഡിൽ പതിക്കുകയുമായിരുന്നു. 12 സ്ത്രീകളും ഒരു പുരുഷനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഞ്ച് സ്ത്രീകൾ ആശുപത്രിയിലും മരിച്ചെന്ന് കബീർധാം പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. പരിക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു.
അപകടം നടന്ന ഉടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. സര്‍ക്കാര്‍സംസ്ഥാന സര്‍ക്കാര്‍ അപകടത്തില്‍ പെട്ടവരുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.