കോഴിക്കോട് : അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസ്സന്‍കോയയുടെ മകള്‍ ഫദ്‌വ ആണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്. ഇക്കഴിഞ്ഞ പത്തിന് ലക്ഷണങ്ങളുമായി ചികിത്സ തേടിയതാണ്.
കടലുണ്ടിപ്പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ ശരീരത്തില്‍ കടന്നതെന്നാണു കരുതുന്നത്. കളിയാട്ടമുക്ക് എ.എം.എല്‍.പി. സ്‌കൂള്‍ നഴ്സറി വിദ്യാര്‍ഥിനിയാണ്. മാതാവ്: ഫസ്ന. സഹോദരങ്ങള്‍: ഫൈഹ, ഫംന. കബറടക്കം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് കളിയാട്ടമുക്ക് കടവത്ത് ജുമാമസ്ജിദ് കബറിസ്താനില്‍.
ഫദ്‌വയ്‌ക്കൊപ്പം കടലുണ്ടിപ്പുഴയില്‍ കുളിച്ച മറ്റു നാല് കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയില്‍ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
പതിനായിരത്തില്‍ ഒരാള്‍ക്കുമാത്രം ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.