മലയാള സിനിമ ഉള്ളിടത്തോളം മലയാളികൾ മോഹൻലാലിനെ മറക്കില്ലെന്നതുപോലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ മോഹൻലാലിനെയും മലയാളി മറക്കില്ല. നിരവധി ഗോസിപ്പുകളാണ് മോഹൻലാലിനെ കുറിച്ച് വന്നിട്ടുള്ളത്. മോഹന്‍ലാലിനെക്കുറിച്ച് ആരോപണങ്ങളും ഗോസിപ്പുകളും കഥകളും വിവാദങ്ങളും ഒരുപാട് പ്രചചാരിച്ചിട്ടുണ്ട്. പലതിനും ലാല്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ചിലത് മറുപടി അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞു. മറ്റ് പലതിനും അദ്ദേഹം ചെവി കൊടുത്ത് പോലുമില്ല.
ഒരിക്കൽ മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ തന്റെ പേരിൽ പ്രചരിച്ച ഗോസ്സിപ്പുകളെ കുറിച്ച് നടൻ മനസ് തുറന്നിരുന്നു. താങ്കളെ കുറിച്ച് ഞാൻ കേട്ട ഏറ്റവും രസകരമായ ഗോസിപ്പ് അല്ലെങ്കിൽ കഥ, മോഹൻലാലിനൊപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 പിന്നിട്ടു. അതിന്റെ പേരിൽ ഒരു ആഘോഷം ഉണ്ടായിരുന്നു എന്നതാണ്. ഇത് താങ്കൾ കേട്ടിട്ടുണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ അത് ശരിയല്ല എന്നായിരുന്നു മോഹൻലാലിൻറെ മറുപടി.
അത് ശരിയല്ല, അതിൽ കൂടുതൽ ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നായിരുന്നു മോഹൽലാലിന്റെ പ്രതികരണം. ‘അങ്ങനെ തമാശ ആയിട്ട് പറയാനേ സാധിക്കൂ. അത് ഒരു ഗോസ്സിപ്പാണ്’. എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മലയാള സിനിമയിലെ നടന്ന വിസ്മയം ഇന്ന് അറുപത്തിനാലാം പിറന്നാളിന്റെ നിറവിലാണ്. അഭിനയ സമവാക്യങ്ങൾ പോലും ഞെട്ടി പോകുന്ന അഭിനയ മികവിൽ ഉടലെടുത്തതൊക്കെയും ജീവനുള്ള കഥാപാത്രങ്ങളായിരുന്നു. ഒറ്റയ്‌ക്കൊരു സിനിമാ ലോകത്തേക്ക് പിച്ചവച്ചുനടന്ന മനുഷ്യന്‍ മലയാള സിനിമയെന്ന ഗോളത്തിനുള്ളില്‍ ഒറ്റയ്‌ക്കൊരു ലോകം തീര്‍ത്തു. അവിടെ അയാള്‍ രാജാവായി, ഭടനും ഭൃത്യനും മന്ത്രിയും പടയാളിയുമായി. അങ്ങനെയങ്ങനെ തങ്കലിപികളാല്‍ സ്വന്തം പേര് കുറിച്ചുവച്ചു.
സേതുവായും വിന്‍സന്റ് ഗോമസായും ബാലകൃഷ്ണനായും അപ്പുവായും ബാലചന്ദ്രന്‍ നായരായും വേണുഗോപാലായും ദാസനായും ജയകൃഷ്ണനായും പവിത്രനായും വിഷ്ണുവായും ദേവനാരായണനായും സിഐഡി രാംദാസായും സേതുമാധവനായും മംഗലശേരി നീലകണ്ഠനായും മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭ അഭ്രപാളികളില്‍ വേഷപ്പകര്‍ച്ച കൊണ്ട് നിറഞ്ഞാടി. ഭ്രാന്തമായ അഭിനയം, മനോഹരമായ പുഞ്ചിരി, മീശപിരിച്ച ഗൗരവമുള്ള, മുണ്ടുമടക്കിക്കുത്തിയ വില്ലന്‍, കണ്ണുകളില്‍ പ്രേമവും ചുണ്ടുകളില്‍ കള്ളച്ചിരിയുമൊളിപ്പിച്ച കാമുകന്‍, മലയാള സിനിമാ ആദ്യമായും അവസാനമായും കണ്ട ചേട്ടച്ഛന്‍, അങ്ങനെ അങ്ങനെ മോഹന്‍ ലാന്‍ എന്ന നടനൊരു വിസ്മയമായി…. നടനവിസ്മയമായി.
ഐവി ശശിയുടെ മാന്ത്രികതയില്‍ ഉടലെടുത്ത ദേവാസുരത്തിലെ മംഗശേരി നീലകണ്ഠനോട് പലവുരു പ്രേക്ഷകര്‍ക്ക് ദേഷ്യം തോന്നാം, വെറുപ്പ് തോന്നാം, അറപ്പ് തോന്നാം, ഒടുവില്‍ ആരുമല്ലാതായി, ഒന്നുമല്ലാതായി പെരുമഴയില്‍ ഒറ്റപ്പെട്ട കുഞ്ഞിനോട് തോന്നുന്ന വാത്സ്യല്യം തോന്നി. മോഹന്‍ലാന്‍ ഇല്ലായിരുന്നുവെങ്കില്‍ മംഗശേരി നീലകണ്ഠനുണ്ടാകുമായിരുന്നോ? സേതുമാധവനും വിഷ്ണുവും ഡോ സണ്ണിയും ആരുമുണ്ടാകുമായിരുന്നില്ല.
അയാള്‍ക്ക് മുന്‍ഗാമികളും പിന്‍ഗാമികളും ഉണ്ടായിരുന്നില്ല. നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. ശരീരപേശികളാൽ പോലും വെള്ളിത്തിരയിൽ മായാജാലം തീർത്ത നടനമാന്ത്രികൻ, അതെ അഭ്രപാളിയിൽ ആടിത്തീർത്ത വേഷങ്ങളിലൊക്കെയും മോഹൻലാലിന്റേതായ കൈ മുദ്ര പതിപ്പിച്ചിട്ടുണ്ട്. അത് തന്നെയാണ് മോഹൻലാൽ പകരക്കാരനില്ലാത്ത അവതാരമാകുന്നത്.
പത്തനംതിട്ടയിലെ ഇലന്തൂരില്‍ 1960 മെയ് 21നാണ് വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹന്‍ലാലിന്റെ ജനനം. മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. മുടവന്‍മുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹന്‍ലാല്‍ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദര്‍ശന്‍, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സഹപാഠികള്‍ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ മോഡല്‍ സ്‌കൂളിലാണ് മോഹന്‍ലാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാല്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോള്‍ മോഹന്‍ലാല്‍ സ്‌കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചിരുന്ന ഒരു പുരസ്‌കാരമായിരുന്നു. മോഹന്‍ലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജില്‍ ആയിരുന്നു. കോളേജില്‍ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.