വിറ്റാമിൻ എ നമ്മുടെ ശരീരത്തിൽ എത്തുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ്. രണ്ട് തരം വൈറ്റമിൻ എ ഉണ്ട്. ഒന്ന് വിറ്റാമിൻ എ (റെറ്റിനോൾ) ആണ്, ഇത് അടിസ്ഥാനപരമായി മൃഗങ്ങളുടെ ഉൽപന്നങ്ങളിലും പോഷകഗുണമുള്ള ഭക്ഷണങ്ങളിലും വിറ്റാമിൻ സപ്ലിമെന്റുകളിലും കാണപ്പെടുന്നു. മറ്റൊന്ന് പ്രോ വിറ്റാമിൻ എ (കരോട്ടിനോയ്ഡുകൾ) ആണ്, അതായത് ലൈക്കോപീൻ, ലുറ്റീൻ, സിയാക്സാന്റിൻ എന്നിവ സസ്യ ഉത്പന്നങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.
സസ്യേതര സ്രോതസ്സുകൾ
കരൾ (ബീഫ്, ആട്, ചിക്കൻ), മത്സ്യ എണ്ണ, മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, പാൽ, ചീസ്, വെണ്ണ തുടങ്ങിയ പാലുൽപ്പന്നങ്ങൾ. ഇവ സജീവ രൂപത്തിൽ അതായത് റെറ്റിനോളിൽ കാണപ്പെടുന്നു, അവ ശരീരത്തിൽ നേരിട്ട് ആഗിരണം ചെയ്യപ്പെടുന്നു.
സസ്യ സ്രോതസ്സുകൾ
മാങ്ങ, ആപ്രിക്കോട്ട്, പപ്പായ തുടങ്ങിയ പഴങ്ങൾ, കാരറ്റ്, മധുരക്കിഴങ്ങ്, കാന്റലൂപ്പ്, കാപ്സിക്കം, കുമ്പളങ്ങ, മഞ്ഞ ചോളം മുതലായ പച്ചക്കറികൾ, മുള്ളൻചീര, ചീര, മുരിങ്ങയില, ഉലുവ ചീര, അഗത്തി ചീര തുടങ്ങിയ ഇലക്കറികൾ എന്നിവയിൽ വിറ്റാമിൻ എ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു.
ഇവ കരോട്ടിനോയിഡുകളായി കാണപ്പെടുന്നു, ഇത് ദഹന സമയത്ത് ശരീരം റെറ്റിനോളായി പരിവർത്തനം ചെയ്യും, തുടർന്ന് ഇത് ഉപയോഗിക്കാം. വിറ്റാമിൻ എയ്ക്ക് ഭക്ഷണത്തിൽ കുറച്ച് കൊഴുപ്പ് ആവശ്യമാണ്, ഇത് ആഗിരണം ചെയ്യാൻ സഹായിക്കും. സീലിയാക് രോഗം, ക്രോൺസ് രോഗം, മദ്യപാന ആസക്തി, സിറോസിസ്, സിസ്റ്റിക് ഫൈബ്രോസിസ് എന്നിവ ഉണ്ടാകുമ്പോൾ വിറ്റാമിൻ എ മാലാബ്സോർപ്ഷൻ സംഭവിക്കാം. കൂടാതെ അൾട്രാവയലറ്റ് രശ്മികളും ശ്രദ്ധിക്കുക.
വിറ്റാമിൻ എ യുടെ ഗുണങ്ങൾ
- ചർമ്മം, ശ്വാസകോശ നാളി, കുടൽ, മൂത്രസഞ്ചി, ചെവിയുടെ അകം, കണ്ണ് തുടങ്ങിയ അവയവങ്ങളുടെ സമഗ്രമായ പ്രവർത്തനത്തിന് സഹായിക്കുന്നു.
- വിറ്റാമിൻ എയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചിലതരം അർബുദങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു.
- ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു.
- രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ ഇത് സഹായിക്കുന്നു
- വിറ്റാമിൻ എ കാഴ്ചയ്ക്ക് നിർണ്ണായകമാണ്, ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും തടയുന്നു.
- കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.
- വിറ്റാമിൻ എ ബീജത്തിന്റെയും അണ്ഡത്തിന്റെയും വികാസത്തിനും പ്രത്യുൽപാദനത്തിനും സഹായിക്കുന്നു, കൂടാതെ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ടിഷ്യു വികസനത്തിനും വളർച്ചയ്ക്കും സഹായിക്കുന്നു.
- വിറ്റാമിൻ എ നമ്മുടെ ത്വക്ക്, കണ്ണുകൾ, പ്രതിരോധശേഷി എന്നിവയിൽ വലിയ പങ്ക് വഹിക്കുന്നു, ഇത് ശരിയായ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു.
വിറ്റാമിൻ എ യുടെ കുറവ്
വിറ്റാമിൻ എ യുടെ നേരിയ കുറവ് ക്ഷീണം, വന്ധ്യത, അണുബാധയ്ക്കുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും. എന്നാൽ ഗുരുതരമായ കുറവ് രാത്രി അന്ധത, വരണ്ട ചർമ്മവും മുടിയും, കണ്ണിന്റെ വെള്ളയിൽ പാടുകൾ, കണ്ണിന്റെ കടുത്ത വരൾച്ച എന്നിവയ്ക്ക് കാരണമാകും.
വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ
- ചീര, തണ്ണിമത്തൻ, മത്തങ്ങ സാലഡ്
- മഞ്ഞ മത്തങ്ങ , മുള്ളൻ ചീര, സാമ്പാർ
- കാരറ്റ്, വെള്ളരിക്ക, ബ്രൊക്കോളി, ക്യാപ്സിക്കം സാലഡ്
- മാങ്ങ, പപ്പായ, കുറച്ച് ആപ്രിക്കോട്ട് എന്നിവ അരിഞ്ഞ് യോഗർട്ടിൽ ചേർത്ത് കഴിക്കാം
- മെക്സിക്കൻ കോൺ സാലഡ്
- ഉലുവ ചീര, കാരറ്റ്
പ്രതിദിനം വിറ്റാമിൻ എ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമുക്ക് അണുബാധ ഉണ്ടാവാനുള്ള സാധ്യത തടയുകയും ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ ഉടനടി തന്നെ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തൂ!