രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വലിയ തോതില്‍ കുറഞ്ഞുപോകുന്ന അവസ്ഥയെ ഹൈപ്പോഗ്ലൈസീമിയ എന്നാണ് പറയുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 50 മില്ലിഗ്രാം/ ഡെസിലിറ്ററില്‍ കുറയുമ്പോഴാണ് തീവ്രമായ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത്. അത് 70 മില്ലിഗ്രാം /ഡെസിലിറ്ററില്‍ കുറയുമ്പോള്‍ തന്നെ രോഗിക്ക് ലക്ഷണങ്ങളുണ്ടാകാം.
കാരണങ്ങള്‍
ഇന്‍സുലിന്റെ അളവും പ്രമേഹനിയന്ത്രണ മരുന്നുകളുടെ ഡോസ് കൂടുന്നതും അമിതമായി ശാരീരിക അധ്വാനം ചെയ്യുന്നതും ഹൈപ്പോഗ്ലൈസീമിയക്ക് കാരണമാകാം.
ലക്ഷണങ്ങള്‍
ദേഷ്യം, അമിത വിശപ്പ്, ക്ഷീണം, വിയര്‍പ്പ്, നെഞ്ചിടിപ്പ് കൂടുക, കണ്ണില്‍ ഇരുട്ട് കയറുക, കൈകാലുകളില്‍ വിറയല്‍, തലകറക്കം, തലവേദന
പരിഹാരം
ചെറിയ തോതില്‍ ഷുഗര്‍ കുറയുകയാണെങ്കില്‍ രോഗി അല്‍പം ഗ്ലൂക്കോസ് കഴിക്കുകയോ അതിന് ശേഷം അനുയോജ്യമായ ഭക്ഷണം കഴിക്കുകയോ ചെയ്യണം. എന്നാല്‍ തീവ്രമായ രീതിയില്‍ പ്രശ്‌നമുണ്ടായാല്‍ രോഗിക്ക് സ്വയം ഇത് ചെയ്യാന്‍ സാധിച്ചെന്നു വരില്ല. അപ്പോള്‍ കൂടെയുള്ളവര്‍ സഹായിക്കേണ്ടി വരും.
ഹൈപ്പോഗ്ലൈസീമിയ വന്ന രോഗിക്ക് ബോധമുണ്ടെങ്കില്‍ മാത്രമേ ഗ്ലൂക്കോസ് നല്‍കാന്‍ സാധിക്കൂ. അബോധാവസ്ഥയിലാണെങ്കില്‍ ആ വ്യക്തിയുടെ വായിലേക്ക് ഗ്ലൂക്കോസ് പൊടി വെച്ചാല്‍ അത് ശ്വാസകോശത്തിലേക്ക് കടന്ന് സങ്കീര്‍ണതകള്‍ക്ക് ഇടയാക്കും. അതിനാല്‍ രോഗി അബോധാവസ്ഥയിലാണെങ്കില്‍ നാവില്‍ തേന്‍ പുരട്ടി നല്‍കുന്നത് പ്രയോജനം ചെയ്യും.
ഇതല്ലെങ്കില്‍ ഗ്ലൂക്കഗോണ്‍ ഇഞ്ചക്ഷന്‍ ലഭ്യമാണ്. ഇത് മസിലില്‍ കുത്തിവെക്കാം. ഹൈപ്പോ ഗ്ലൈസീമിയ ഉണ്ടാകാറുള്ള രോഗികള്‍ക്ക് ഗ്ലൂക്കഗോണ്‍ ഇഞ്ചക്ഷന്‍ എപ്പോഴും കരുതണമെന്ന് നിര്‍ദേശിക്കാറുണ്ട്. തുടര്‍ന്ന് ആവശ്യമെങ്കില്‍ വൈദ്യസഹായം തേടുകയും ചെയ്യുക. v
ഷുഗര്‍ കുറഞ്ഞ് അസ്വസ്ഥത വരുകയാണെങ്കില്‍ ഒപ്പമുള്ളവര്‍ പ്രമേഹരോഗിക്ക് ഗ്ലൂക്കോസ് കഴിക്കാന്‍ കൊടുക്കണം. എന്നാല്‍ കൊടുക്കുന്ന അളവ് പ്രധാനമാണ്. പെട്ടെന്ന് ശരിയാവട്ടെ എന്നു കരുതി വലിയ തോതില്‍ ഗ്ലൂക്കോസ് തുടര്‍ച്ചയായി കൊടുക്കരുത്. അങ്ങനെ ചെയ്താല്‍ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസ് നില അപകടകരമായി ഉയര്‍ന്നേക്കാം.
അതുകൊണ്ട് മുതിര്‍ന്ന ഒരാള്‍ക്ക് ഹൈപ്പോഗ്ലൈസീമിയ വന്നാല്‍ ആദ്യം 15 ഗ്രാം ഗ്ലൂക്കോസ് നല്‍കുക. അതായത്, ഒരു ടേബിള്‍ സ്പൂണ്‍ അഥവാ മൂന്ന് ടീസ്പൂണ്‍ ഗ്ലൂക്കോസ്. ആദ്യം ഇത് നല്‍കി 15 മിനിറ്റ് കഴിഞ്ഞ ശേഷം ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് ഷുഗര്‍ നില പരിശോധിക്കുക. അത് 70 മില്ലിഗ്രാം/ഡെസിലിറ്ററിന് മുകളിലെത്തിയില്ലെങ്കില്‍ ഒരു തവണ കൂടി 15 ഗ്രാം ഗ്ലൂക്കോസ് നല്‍കാവുന്നതാണ്.
അപ്പോഴേക്കും ഷുഗര്‍നില സാധാരണ അളവിലേക്ക് എത്താറുണ്ട്. തുടര്‍ന്ന് അല്പം ഭക്ഷണം കഴിച്ച് ഷുഗര്‍ സാധാരണ നിലയില്‍ നിലനിര്‍ത്താനാകും. അല്ലാത്ത സാഹചര്യമാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.