Celebrities

കൃത്യം 12 മണി: താര രാജാവിനു പിറന്നാൾ ചുംബനവുമായി ഇച്ചാക്ക: ഒപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളും

മോഹൻലാലിനു പിറന്നാൾ ആശംസകളുമായി മലയാള സിനിമാ ലോകം. മമ്മൂട്ടി, സുരേഷ് ഗോപി, മഞ്ജു വാരിയർ, ജയസൂര്യ, ദിലീപ്, നിവിൻ പോളി, ജോജു ജോർജ്, ടൊവിനോ തോമസ് തുടങ്ങി നിരവധിപ്പേരാണ് നടന് ആശംസകളുമായി എത്തുന്നത്. അർധരാത്രി 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളെത്തി. മോഹൻലാലിന്റെ 64-ാം പിറന്നാളാണിത്. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം ‘പ്രിയപ്പെട്ട് ലാലിന് ജന്മദിനാശംസകൾ’ എന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.

നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് നടി ശോഭന. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടായിരുന്നു ശോഭന ആശംസകള്‍ നേര്‍ന്നത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ജോടിയാണ് ശോഭനയും മോഹന്‍ലാലും. 2004 ല്‍ റിലീസ് ചെയ്ത മാമ്പഴക്കാലത്തിന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മോഹന്‍ലാല്‍-ശോഭന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള ഈ താര ജോടി ഒത്തുചേരുന്നത്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് സി. രാധാകൃഷ്ണന്റെ കഥയില്‍ നിന്ന് ജോണ്‍ പോള്‍ എഴുതിയ 1985 ലെ അവിടത്തെപ്പോലെ ഇവിടെയും എന്ന സിനിമയിലാണ് ശോഭനയും മോഹന്‍ലാലും ആദ്യമായി ഒരുമിച്ച് വേഷമിട്ടത്. മമ്മൂട്ടി, കവിത താക്കൂര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

“പ്രിയപ്പെട്ട ലാലേട്ടനു ജന്മദിനാശംസകൾ. പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച്  ഒഴുകിക്കൊണ്ടേയിരിക്കുക…നിരന്തരം, ഒരുപാട് കാലം…”” മഞ്ജുവിന്റെ ആശംസയിങ്ങനെ.

എമ്പുരാൻ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചാണ് പ്രിയപ്പെട്ട ലാലേട്ടന് പൃഥ്വി ജന്മദിനാശംസകൾ നേർന്നത്.

സുരേഷ് ഗോപി: അവിശ്വസനീയമായ അഭിനയമികവ് പുലർത്തുന്ന മോഹൻലാലിന് ജന്മദിനാശംസകൾ. പതിറ്റാണ്ടുകളായി വെള്ളിത്തിരയിലും തിരശീലയ്ക്ക് പുറത്തും ഞങ്ങൾ പങ്കിട്ട എല്ലാ അനുഗ്രഹീത നിമിഷങ്ങൾക്കും നന്ദി

മോഹൻലാൽ എന്ന സുഹൃത്തിനെ ആഘോഷിക്കാൻ ഇന്നും എന്നും ഞാൻ ഇവിടെയുണ്ട്. ഈ വർഷം കൂടുതൽ വിജയവും സന്തോഷവും പ്രിയപ്പെട്ടവരുമൊത്തുള്ള മനോഹരമായ നിമിഷങ്ങളും നൽകട്ടെ. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന് പിറന്നാൾ ആശംസകൾ.