സുൽത്താൻ ബത്തേരി: ഇവിടെ ആർക്കും വേണ്ടാത്ത വയനാടൻ പനങ്കുരുവിന് ഉത്തരേന്ത്യയിൽ സങ്കല്പിക്കാവുന്നതിലും അപ്പുറമാണ് ഡിമാൻഡ്. കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഇത് കയറ്റുമതി നടത്തുന്നത്. ലഹരി വസ്തുക്കളിൽ വീര്യം പകരാൻ ആണ് ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പുകയില ഉത്പന്നങ്ങളായ പാൻപരാഗ്, ഹാൻസ് തുടങ്ങിയവയിൽ ഈ സംസ്ഥാനങ്ങൾ ഉപയോഗിക്കും.
കേരളത്തിൽ പാൻപരാഗ്, ഹാൻസ് തുടങ്ങിയവ നിരോധിച്ചതിനാൽ ഈ ആവശ്യത്തിന് ഇത് ഉപയോഗിക്കാൻ സാധ്യമല്ല. അതിനുമുമ്പ് കിലോയ്ക്ക് 90 രൂപവരെ കച്ചവടക്കാർക്ക് ലഭിച്ചിരുന്നു. ചെറുകിടക്കാർക്ക് യഥാർത്ഥ വില അറിയാത്തതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് വിൽക്കും.
മാനന്തവാടിയിലെ ഏജൻസികൾ കച്ചവടക്കാരിൽ കിലോ 45 രൂപയ്ക്കാണ് ഇത് ശേഖരിക്കുന്നത്. അവർക്ക് ആദിവാസികളാണ് എത്തിക്കുന്നത്. കുലയ്ക്ക് 200-300 രൂപയ്ക്ക് കർഷകരിൽ നിന്ന് ശേഖരിക്കുന്ന പനങ്കുരു കിലോയ്ക്ക് 12- 13 രൂപയ്ക്ക് കച്ചവടക്കാർക്ക് വിൽക്കും. ഒരു കുലയിൽ നിന്ന് 200 - 250 കിലോ വരെ കുരു ലഭിക്കും. പൊഴുതനയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പനങ്കുരു ലഭിക്കുന്ന പ്രദേശം. മേയ് - ആഗസ്റ്റിലാണ് കൂടുതൽ കായ ലഭിക്കുന്നത്.
സംസ്ക്കരണം ഇങ്ങനെ
പഴുത്ത കുലകൾ പനയിൽ നിന്ന് വെട്ടിയെടുത്ത് ചണച്ചാക്കിൽ കെട്ടിവയ്ക്കും. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ കുലയിൽ നിന്ന് കൊഴിയുന്ന കുരു കളത്തിൽ നിരത്തി ട്രാക്ടർ ഉപയോഗിച്ച് മെതിക്കും. തോട് കളഞ്ഞെടുക്കുന്ന പരിപ്പാണ് ഏജൻസികൾക്ക് നൽകുന്നത്.’ ആദിവാസികൾ ഉൾപ്പെടെ ശേഖരിക്കുന്ന പനങ്കുരു കിലോയ്ക്ക് 12 -13 രൂപയ്ക്ക് വാങ്ങി തോടുകളഞ്ഞ് ഏജൻസികൾക്ക് നൽകും. വലിയ ലാഭമില്ലെങ്കിലും സ്ഥിര വരുമാനമായതിനാൽ ജോലി തുടരുന്നു.