കൊച്ചി : അന്‍പതു ലക്ഷം മുതല്‍ കോടികള്‍ വരെയാണ്, അവയവക്കച്ചവടത്തില്‍ വില ഉറപ്പിക്കുന്നതെന്ന് പൊലീസ്. എന്നാല്‍ അവയവം ദാനം ചെയ്യുന്നവര്‍ക്ക് അഞ്ചു മുതല്‍ പത്തു ലക്ഷം രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്ന്, അവയവക്കടത്ത് അന്വേഷിക്കുന്ന പൊലീസ് സംഘം പറയുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി പേരെ വിദേശത്ത് അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി റാക്കറ്റ് വലയിലാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പാലക്കാട്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ യുവാക്കളെയാണ് ഇറാനിലേക്ക് കടത്തിയത്. അവയവദാനത്തിനായി ഇറാനിലേക്ക് കൊണ്ടുപോയ ഏതാനും പേര്‍ അവിടെ വെച്ച് മരിച്ചതായുമാണ് വിവരം.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന സബിത്ത് അവയവം ദാനം ചെയ്യുന്നതിനായി 20 പേരെ ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കൊണ്ടുപോയതായി പൊലീസിനോട് പറഞ്ഞു. സബിത്തിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
വൃക്ക മാറ്റിവയ്ക്കലിനായി ഇന്ത്യയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന റാക്കറ്റിന്റെ ഭാഗമാണ് താനെന്ന് സബിത്ത് പൊലീസിനോട് പറഞ്ഞതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിക്രൂട്ട് ചെയ്ത യുവാക്കളെ ഇറാനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ അവര്‍ അനുയോജ്യരായ സ്വീകര്‍ത്താക്കള്‍ക്ക് വൃക്കകള്‍ ദാനം ചെയ്തു. തുടര്‍ന്ന് ഇവര്‍ മൂന്ന് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന്, ദാതാക്കള്‍ക്ക് ഒരു ഫ്‌ലാറ്റില്‍ 20 ദിവസത്തെ താമസം നല്‍കുകയും തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ച് പോകുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.