Movie News

ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം ‘ഗരുഡൻ’ ട്രെയിലർ: തിരക്കഥ വെട്രിമാരൻ

നടൻ ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തിലെത്തുന്ന തമിഴ് ചിത്രം ‘ഗരുഡൻ’ ട്രെയിലർ എത്തി. വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലാണ് പ്രധാന വേഷത്തിൽ ഉണ്ണി മുകുന്ദനെത്തുന്നത്. സൂരിയും ശശികുമാറുമാണ് സിനിമയിലെ മറ്റ് നായക കഥാപാത്രങ്ങൾ. ‘ഗരുഡൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്നു. കാക്കി സട്ടൈ, എതിർ നീച്ചൽ, കൊടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ദുരൈ സെന്തിൽ.

യുവൻ ശങ്കർ രാജയാണ് സംഗീതം. സമുദ്രക്കനി, ശിവദ, രേവതി ശർമ, മൊട്ട രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും ലാർക് സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. ഛായാഗ്രഹണം ആർതർ വിൻസൺ. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്.

നന്ദനം എന്ന മലയാള ചിത്രത്തിന്‍റെ തമിഴ് പതിപ്പായ സീഡനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ ആയിരുന്നു ഉണ്ണി എത്തിയത്. ശേഷം മലയാളത്തിലും തെലുങ്കിലുമെല്ലാം കസറിയ ഉണ്ണി മുകുന്ദന്‍ ഇത് രണ്ടാം തവണയാണ് തമിഴില്‍ എത്തുന്നത്. വിടുതലൈ പാര്‍ട്ട് വണ്‍ സംവിധാനം ചെയ്തത് വെട്രിമാരന്‍ ആയിരുന്നു. സൂരിയുടെ ഇതിലെ വേഷം ഏറെ പ്രശംസകള്‍ നേടിയിരുന്നു.