എറണാകുളം : ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടിയുടെ കുടുംബത്തിലുള്ള മറ്റ് മൂന്നുപേർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇതിന് പിന്നാലെ നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടി. തൃക്കാക്കര നഗരസഭാ പരിധിയിൽ ആവശ്യമായ ലൈസൻസുകൾ ഇല്ലാതെയായിരുന്ന ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.
അതേസമയം, ദിവസങ്ങൾക്ക് മുൻപാണ് മുംബൈ മാൻഖുർദിൽ ഷവർമ കഴിച്ച് ഒരാൾ മരിക്കുകയും 5 പേർക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയും ചെയ്ത സംഭവം ഉണടായത്. മാൻഖുർദിലെ കടയിൽ നിന്ന് ഷവർമ കഴിച്ച 19 വയസ്സുകാരനാണ് ചൊവ്വാഴ്ച മരിച്ചത്. മേയ് 3ന് സുഹൃത്തുക്കൾക്ക് ഒപ്പം ഭക്ഷണം കഴിച്ച് വീട്ടിലെത്തിയതിന് പിന്നാലെ കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു. ഇതേ കടയിൽ നിന്ന് ഷവർമ കഴിച്ച 5 പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തതോടെ നടത്തിപ്പുകാരനെ പ്രതിയാക്കി കേസെടുത്തു. പഴകിയ ചിക്കൻ ഉപയോഗിച്ചാണ് ഷവർമ ഉണ്ടാക്കിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.