മഴക്കാലം പ്രതീക്ഷിച്ചതിനും മുൻപ് എത്തി. ചൂട് കൊണ്ട് വരണ്ടുണങ്ങിയ പ്രദേശങ്ങളൊക്കെ പതുക്കെ പച്ചപ്പ് അണിയാൻ തുടങ്ങി. മഴക്കാലമായാൽ പലരും മടി പിടിച്ചു കിടക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്രയും സുന്ദരമായ പ്രകൃതി ഉള്ളപ്പോൾ യാത്ര പ്രേമികളെങ്ങനെയാണ് യാത്ര പോകാതെയിരിക്കുക?
നടന്നു ക്ഷീണിക്കുവാൻ താല്പര്യമില്ലാത്തവർക്ക് ആവേശമൊട്ടും ചോരാതെ മഴ ആസ്വദിക്കുവാൻ പറ്റിയ നിരവധി ട്രെയിൻ റൂട്ടുകൾ നമുക്കടുത്തുണ്ട്. പശ്ചിമഘട്ടത്തിന്റെയും മലനിരകളുടെയും കടലോരങ്ങളുടെയും അരികിലൂടെ പോകുന്ന ഈ ട്രെയിന്‍ റൂട്ടുകൾ ഏറ്റവും ഭംഗിയാകുന്നതും മഴക്കാലത്താണ്. ആർത്തലച്ചു പെയ്യുന്ന മഴയുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ തെക്കേ ഇന്ത്യയിലെ പ്രധാന ട്രെയിൻ റൂട്ടുകളിതാ
ഗ്രീൻ റൂട്ട് ട്രെയിന്‍ യാത്ര
മഴക്കാലത്ത് പശ്ചിമഘട്ടത്തിന്‍റെ മനോഹരമായ കാഴ്ചകളും കാടും വെള്ളച്ചാട്ടവും ഒരു ട്രെയിനിലിരുന്ന് കണ്ടാലോ? നദിക്കു കുറുകേ പോകുന്ന റെയില്‍റൂട്ടിലൂടെ ആഴങ്ങൾ കണ്ടുള്ള റൂട്ടും പച്ചപ്പും കാടും ഒക്കെ ചേരുന്ന യാത്ര മംഗലാപുരം-ബാഗ്ലൂർ റെയില്‍ റൂട്ടിൽ കുക്കെ സുബ്രഹ്മണ്യ മുതൽ സകലേശ്പുര വരെയുള്ള ഭാഗത്താണ് ഈ കാഴ്ചകളുള്ളത്. ഇന്ത്യൻ റെയിൽവേയുടെ ഗ്രീൻ റൂട്ട് എന്നാണ് 52 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത അറിയപ്പെടുന്നത്.
57 ടണലുകൾ, 109 പാലങ്ങള്‍, സമുദ്രനിരപ്പിൽ നിന്നും 120 മീറ്റർ ഉയരത്തിലൂടെയുള്ള യാത്ര 906 മീറ്റർ ഉയരത്തിലെത്തുന്നതും ഇറക്കങ്ങളും കയറ്റങ്ങളുമുള്ള യാത്രയും ഈ റൂട്ടിൽ ആസ്വദിക്കാം. മംഗലാപുരത്തു നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള യാത്രയിൽ ഈ കാഴ്ചകൾ കാണം . സെക്കൻഡ് ക്ലാസ് യാത്രയ്ക്ക് വെറും 155 രൂപ മാത്രമേ ചെലവുള്ളൂ. ഈ റൂട്ടിൽ വിസ്റ്റാഡോം ട്രെയിൻ കോച്ചുകളുമുണ്ട്.
ഊട്ടി-മേട്ടുപ്പാളയം യാത്ര
ഇന്ത്യയിൽ തന്നെ ഏറ്റവും ആരാധകരുള്ള ട്രെയിൻ യാത്രകളിലൊന്നാണ് ഊട്ടി-മേട്ടുപ്പാളയം ട്രെയിൻ യാത്ര. ഊട്ടി ടോയ് ട്രെയിൻ എന്നും ഹെറിറ്റേജ് ട്രെയിൻ എന്നുമെല്ലാം അറിയപ്പെടുന്ന ഈ യാത്ര മൗണ്ടെയ്ൻ റെയിൽവേ എന്നും അറിയപ്പെടുന്നു. 1989 ൽ ആരംഭിച്ച ഈ സര്‍വീസ് ഊട്ടിയിലെ മലനിരകളിലൂടെയാണ് മുന്നേറുന്നത്. യുനസ്കോയുടെ പൈതൃക സ്മാരകങ്ങളിലും നീലഗിരി റെയില്‍വേ ഇടംനേടിയിട്ടുണ്ട്.
66 കിലോമീറ്റർ ദൂരമാണ് ഊട്ടി-മേട്ടുപ്പാളയം ട്രെയിൻ യാത്രയ്ക്കുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസാണിത്. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിലാണ് ഇവിടെ ട്രെയിൻ സഞ്ചരിക്കുന്നത്. നാലര മണിർ യാത്രയിൽ ട്രെയിന്‍ 16 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 വളവുകൾ എന്നിവയിലൂടെ കടന്നു പോകുന്നു.മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ്, ഉദഗമണ്ഡലം എന്നിവയാണ് സ്റ്റേഷനുകൾ. ഇപ്പോൾ റൂട്ട് അടച്ചിട്ടിരിക്കുകയാണ്. കൃത്യമായി അന്വേഷച്ചതിനു ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യുക
ആലപ്പുഴ- തിരുവനന്തപുരം
കേരളത്തിൽ മഴക്കാലയാത്ര ആസ്വദിക്കുവാൻ പറ്റിയ മറ്റൊരു ട്രെയിന്‍ റൂട്ടാണ് ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ളത്. നിരവധി ട്രെയിനുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നു. പ്രകൃതി മനോഹരമായ കാഴ്ചളിലൂടെ, കാടും കടലും മലനിരകളും ആസ്വദിച്ചുള്ള യാത്ര രസകരമായ ഒന്നാണ്. നിരവധി വിദേശികളും ഈ റൂട്ടിലൂടെയുള്ള ട്രെയിൻ യാത്ര ആസ്വദിക്കാനെത്തുന്നുണ്ട്.
കൊല്ലം-ചെങ്കോട്ട ട്രെയിൻ യാത്ര
കേരളത്തിലെ ഏറ്റവും പഴക്കമുള്ള റെയിൽറൂട്ടുകളിലൊന്നായ കൊല്ലം-ചെങ്കോട്ട വഴിയുള്ള യാത്ര മഴക്കാല ആഹ്ലാദങ്ങളിലൊന്നാണ്. 92 കിലോമീറ്റർ ദൈർഘ്യമുള്ള പാത ഏതു സീസണിൽ പോയാലും അതിമനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. കോട്ടവാതിൽ, തുരങ്കങ്ങൾ, പാലങ്ങൾ എന്നിവ കടന്ന് ആര്യങ്കാവ് തുരങ്കത്തിലൂടെ വണ്ടി നേരെ തമിഴ്നാട് മണ്ണ് തൊടും.
വിശാഖപട്ടണം- അരാകുവാലി ട്രെയിൻ യാത്ര
സൗത്ത് ഇന്ത്യയിൽ ആസ്വദിക്കാൻ പറ്റിയ മറ്റൊരു പ്രധാന ട്രെയിൻ യാത്രയാണ് വിശാഖപട്ടണം- അരാകുവാലി റൂട്ടിലൂടെയുള്ളത്. പ്രകൃതിഭംഗി തന്നെയാണ് ഇവിടുത്തെ ആകർഷണം. നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന അരാകിലേക്കുള്ള യാത്രയിൽ വനവും കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടവും പാലവും തുരങ്കവുമെല്ലാം കാണാം. 84 പാലങ്ങളും 58 തുരങ്കങ്ങളുമാണ് ഈ യാത്രയിലുള്ളത്. വിസ്റ്റാഡോം കോച്ചിലാണ് യാത്രയെങ്കിൽ വളരെ രസകരമായിരിക്കും.