തലവേദന അനുഭവപ്പെടാത്തവർ വിരളമായിരിക്കും. ശക്തിയോടെ നെറ്റിയുടെ ഒരുവശത്ത് ഉണ്ടാകുന്ന തലവേദനയാണ് മൈഗ്രേൻ. സാധാരണ വരുന്ന ലക്ഷണങ്ങൾ ഇല്ലാത്തതു കൊണ്ട് അത് മൈഗ്രയിനല്ല എന്നും പറയാനും കഴിയില്ല. വെളിച്ചത്തോടുള്ള അസഹ്യത, ഉയർന്ന ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛർദി, വിവിധ നിറങ്ങൾ കണ്ണിനു മുന്നിൽ മിന്നിമറയുക തുടങ്ങിയവ മൈഗ്രേന്റെ ലക്ഷണങ്ങളാണ്. വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട് എന്ന് മൈഗ്രേനെ പറയാം.
മൈഗ്രേൻ വരുന്നതിന് മുമ്പു തന്നെ ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിച്ചു തുടങ്ങും. ഈ ഘട്ടത്തെ പ്രീ മൈഗ്രേൻ സ്റ്റേജ് എന്നാണ് വിളിക്കുന്നത്. മൈഗ്രേൻ അറ്റാക്ക് വരുന്നുവെന്ന് തിരിച്ചറിയാനും വേണ്ട പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും ഈ ഘട്ടം തിരിച്ചറിയുക പ്രധാനമാണ്. മൈഗ്രേന്റെ തലവേദന വരുന്നതിന് മണിക്കൂറുകൾക്കു മുമ്പോ ദിവസങ്ങൾക്ക് മുമ്പോ ഒക്കെ പ്രീ മൈഗ്രേൻ ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ എല്ലാ മൈഗ്രേൻ തലവേദനയ്ക്ക് മുമ്പും ഇതുണ്ടാകണമെന്നും ഇല്ല. എങ്കിലും ലക്ഷണങ്ങൾ തിരിച്ചറിയുന്നത് പ്രതിരോധത്തിനും ചികിത്സയിലും ഗുണം ചെയ്യും.
ശബ്‌ദം
കഴിവതും അമിതമായ ശബ്‌ദങ്ങളുള്ള സ്ഥലത്ത് പോകാതെയിരിക്കുക. മൈഗ്രൈന്റ എന്തെങ്കിലും സാധ്യതകൾ കാണുന്നുണ്ടെങ്കിൽ തിയറ്റർ, പബ്ബ് എന്നിവിടങ്ങൾ സന്ദർശനം ഒഴിവാക്കുക
ശരീരത്തിലെ ജലാംശം നിലനിര്‍ത്താം
പുറത്തു പോകുമ്പോൾ ഒരു കുപ്പി വെള്ളം എപ്പോഴും കൊണ്ടു നടക്കുക. കൂടുതല്‍ വെള്ളം കുടിക്കാന്‍ കഴിയാത്ത ചില ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ രണ്ടര മൂന്ന് ലീറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാന്‍ ശ്രദ്ധിക്കണം.
ഭക്ഷണക്രമത്തില്‍ മാറ്റം
കാപ്പി, റെഡ് വൈന്‍, ചോക്ലേറ്റ്, ചീസ് എന്നിവയ്ക്കെല്ലാം പകരം മാങ്ങ, തണ്ണീര്‍മത്തന്‍, വെള്ളരി, ഇലക്കറികള്‍ പോലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കണം. മൈഗ്രേൻ ട്രിഗര്‍ ചെയ്യുന്ന തരം ഭക്ഷണങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം.
തൊപ്പിയും സണ്‍ഗ്ലാസും മറക്കണ്ട
പുറത്ത് വെയിലില്‍ ഇറങ്ങുമ്പോൾ തൊപ്പിയും സണ്‍ ഗ്ലാസുമൊക്കെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. തീക്ഷ്ണമായ വെളിച്ചം മൈഗ്രേൻ ട്രിഗര്‍ ചെയ്യും.
കോസ്മെറ്റിക്സ്
സണ്‍സ്ക്രീന്‍ ക്രീമും ലോഷനുമൊക്കെ ഉപയോഗിക്കുമ്പോൾ അധികം മണമില്ലാത്ത ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
എസി താപനില
എസി ഉണ്ടെന്ന് കരുതി വളരെ താഴ്ന്ന താപനിലയില്‍ അകത്തിരിക്കുന്നത് ഗുണം ചെയ്യില്ല. 25 മുതല്‍ 27 ഡിഗ്രിയില്‍ താപനില നിലനിര്‍ത്തുന്നതാണ് മനുഷ്യശരീരത്തിന് നല്ലത്.
കര്‍ശനമായ ചിട്ട
ഉറക്കത്തിന്‍റെയും ഭക്ഷണസമയത്തിന്‍റെയും കാര്യത്തില്‍ കര്‍ശനമായ ചിട്ട പുലര്‍ത്തണം. അവധിക്കാലമാണെന്ന് കരുതി തോന്നും പോലെ ഉറങ്ങുകയും ഉണരുകയും ചെയ്യുകയും ഭക്ഷണസമയം തെറ്റിക്കുകയും ചെയ്യരുത്.
സമ്മര്‍ദം നിയന്ത്രിക്കുക
ജോലി ലഘൂകരിച്ചും സമയം ബുദ്ധിപൂര്‍വം വിനിയോഗിച്ചും കൂടുതല്‍ വരുന്ന ജോലികള്‍ വീതിച്ച് നല്‍കിയും അമിതമായ ജോലിഭാരം വരുമ്പോൾ ഇടയ്ക്കൊരു ബ്രേക്ക് എടുത്തും സ്വയം കുറച്ച് സമയം മാറ്റി വച്ച് വിശ്രമിച്ചും സമ്മര്‍ദത്തെ നിയന്ത്രണത്തില്‍ നിര്‍ത്തണം. അമിതമായ സമ്മര്‍ദം മൈഗ്രേൻ ട്രിഗര്‍ ചെയ്യും.
മൈഗ്രേൻ വരുമ്പോൾ ചെയ്യേണ്ടത്
മൈഗ്രേൻ തലവേദന ഉള്ള സമയത്ത് ശാന്തവും ഇരുട്ടുള്ളതുമായ ഒരു സ്ഥലത്ത് പോയി വിശ്രമിക്കുക. ആവശ്യത്തിന് വെള്ളം കുടിച്ചു കൊണ്ടിരിക്കുകയും തലയില്‍ ഐസ് വയ്ക്കുകയും ചെയ്യാം. ഇതിനൊപ്പം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും കഴിക്കേണ്ടതാണ്.