തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ മരിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. മൂന്നു ദിവസം മുന്‍പാണ് കഴക്കൂട്ടം സ്വദേശി പവിത്രയുടെ എട്ടര മാസമായ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടത്. മൃതദേഹം മൂന്നു ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയായ കഴക്കൂട്ടം സ്വദേശിനിയുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നിലാണു കുഞ്ഞു ശവപ്പെട്ടിയുമായി പ്രതിഷേധിക്കുന്നത്. മേയ് 16-ന് രാത്രി കുട്ടിക്ക് അനക്കമില്ലെന്ന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് പവിത്ര തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മൃതദേഹം വിട്ടു നല്‍കാനാവൂ എന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. സംഭവത്തില്‍ തൈക്കാട് ആശുപത്രിയോട് പൊലീസ് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുക. കുഞ്ഞിന്റെ മരണകാരണം അറിയാനുള്ള നിര്‍ണായകമായ പത്തോളജിക്കല്‍ ഓട്ടോപ്‌സി ഇന്ന് നടത്തുമെന്ന് മെഡിക്കല്‍ കോളെജില്‍ നിന്നും അറിയിച്ചിരുന്നു.
മേയ് 16 ന് എത്തിയിട്ടും തൈക്കാട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൃത്യമായ പരിശോധന നടത്തുകയോ ചികിത്സ നല്‍കുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ തിരിച്ചയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കാര്യമായി പരിശോധന നടത്താതെ വെറുതെ ഒന്ന് നോക്കിയ ശേഷം കുഞ്ഞ് ഉറങ്ങുകയാണ്, എന്തിനാണ് പേടിക്കുന്നത്, ആദ്യമൊരു കുഞ്ഞ് ഉണ്ടായതല്ലേ, ഇതൊക്കെ അറിയില്ലേ എന്നാണ് ഡ്യൂട്ടി ഡോക്ടര്‍ ചോദിച്ചതെന്ന് പവിത്രയും ഭര്‍ത്താവ് ലിബുവും മാധ്യമങ്ങളോട് പറഞ്ഞത്.
തുടര്‍ന്ന് 17-ന് സ്വകാര്യ ആശുപത്രിയില്‍ എത്തി നടത്തിയ സ്‌കാനിങ് പരിശോധനയില്‍ ഗര്‍ഭസ്ഥശിശു മരിച്ചതായി കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം എസ്എടി ആശുപത്രിയില്‍ എത്തിച്ച് കുട്ടിയെ പുറത്തെടുത്തു.