കൊച്ചി: യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയുടെ വിമര്‍ശനം. ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഗവര്‍ണറുടെ സെനറ്റ് നോമിനേഷന്‍ സര്‍വകലാശാല നിയമം അനുസരിച്ചാവണം. സര്‍വകലാശാലാ നിയമത്തില്‍ നിന്ന് വ്യതിചലിച്ചുള്ള ഗവര്‍ണറുടെ നടപടി തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.
കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നിയമനങ്ങള്‍ നടത്താന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്കി.
സര്‍വകലാശാല സെനറ്റിലേക്ക് നാല് വിദ്യാര്‍ഥി പ്രതിനിധികളെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രാഷ്ട്രീയം മാത്രം നോക്കിയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
സെനറ്റിലേക്ക് ശിപാര്‍ശ ചെയ്യുന്ന പ്രതിനിധികള്‍ അതത് മേഖലയില്‍ പ്രാവീണ്യം നേടിയവരായിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ എബിവിപി പ്രവര്‍ത്തകരാണോ എന്ന് മാത്രം നോക്കിയാണ് ഗവര്‍ണര്‍ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തതെന്നായിരുന്നു ആക്ഷേപം.
ചാന്‍സലറുടെ നടപടി തുല്യതയ്ക്ക് വിരുദ്ധവും വിവേചനപരവുമാണ്. വിവേചനാധികാരം യുക്തിപരമായും പക്ഷപാത രഹിതമായും വിനിയോഗിക്കണം. വ്യക്തിപരമായ തീരുമാനമനുസരിച്ചല്ല ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ടത്. നാമനിര്‍ദ്ദേശം റദ്ദാക്കിയ ഉത്തരവിലാണ് ഗവര്‍ണ്ണര്‍ക്ക് എതിരായി ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
സര്‍വകലാശാല നിയമമനുസരിച്ചുള്ള യോഗ്യത ഗവര്‍ണറെ നിയമിച്ചവര്‍ക്കില്ല. ഗവര്‍ണര്‍ നിയമിച്ച നാല് പേരും മികച്ച പ്രകടനം കാഴ്ചവെച്ചവരല്ല. നാല് പേരും സര്‍വകലാശാലയുടെ പട്ടികയിലുള്ളവരെക്കാള്‍ യോഗ്യരല്ലെന്നും കോടതി നിരീക്ഷിച്ചു.
കേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെ ചാൻസലറായ ഗവർണർക്ക് സെനറ്റിലേക്ക് ശിപാർശ ചെയ്യാം. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർഥികളെ ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് കീഴ്വഴക്കം. സർവകലാശാല എട്ട് പേരെ നാമനിർദേശം ചെയ്തിരുന്നു. ഈ ലിസ്റ്റിലെ എട്ട് പേരിൽ ഒരാളെയും പരിഗണിക്കാതെയാണ് ചാൻസലർ നാല് പേരെ നാമനിർദേശം ചെയ്തത്.
എ.ബി.വി.പി പ്രവർത്തകരായ അഭിഷേക് ഡി. നായർ (ഹ്യൂമാനിറ്റീസ്), എസ്.എൽ. ധ്രുവിന് (സയൻസ്), മാളവിക ഉദയന്‍ (ഫൈൻ ആർട്സ്), സുധി സുധന് (സ്പോർട്സ്) എന്നിവരെയാണ് സർക്കാർ പട്ടിക മറികടന്ന് ഗവർണർ നാമനിര്‍ദേശം ചെയ്ത്. ചാൻസലറെന്ന നിലയിൽ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്നായിരുന്നു ഗവർണറുടെ വാദം. ഇതാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. എ.ബി.വി.പി പ്രവർത്തകരെ സെനറ്റിൽ നിറയ്ക്കാനാണ് ഗവർണറുടെ നീക്കണെന്ന് ആരോപണമുയർന്നിരുന്നു.