Environment

ജീവന്റെ മരം; ബോബാബ് മരങ്ങളുടെ രഹസ്യം കണ്ടെത്തി

ജീവന്റെ മരമെന്നും തലകുത്തിനിൽക്കുന്ന മരങ്ങളെന്നുമൊക്കെ അറിയപ്പെടുന്ന ബോബാബ് മരങ്ങളുടെ ഉത്ഭവം സംബന്ധിച്ച് പുതിയ പഠനം ഇപ്പോൾ പുറത്ത് വരുകയാണ്. ആഫ്രിക്കൻ ദ്വീപായ മഡഗാസ്കറിലും ആഫ്രിക്കൻ വൻകരയിലും ഓസ്ട്രേലിയയിലുമൊക്കെയാണ് ഈ മരങ്ങൾ കാണപ്പെടുന്നത്. മഡഗാസ്കറിലേതാണ് ഏറ്റവും പ്രശസ്തം. പുതിയ ജനിതക പഠനത്തിലാണ് ഈ മരങ്ങളുടെ ഉദ്ഭവം സംബന്ധിച്ച കൗതുകകരമായ വിവരങ്ങൾ പുറത്തുവന്നത്. മഡഗാസ്കറിൽ 2.1 കോടി വർഷം മുൻപാണ് ഇവ ഉദ്ഭവിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവയുടെ വിത്തുകൾ പിന്നീട് ഓസ്ട്രേലിയയിലേക്കും ആഫ്രിക്കൻ വൻകരയിലേക്കും സമുദ്ര കറന്റുകളിലൂടെ കൊണ്ടുപോകുകയായിരുന്നു.

ഈ അപൂർവമരങ്ങളുടെ സംരക്ഷണത്തിനായി കൂടുതൽ ശ്രദ്ധ വേണമെന്നും ശാസ്ത്രജ്ഞർ ആവർത്തിച്ചു. ആയിരക്കണക്കിന് വർഷങ്ങൾ ജീവിക്കുന്ന മരമാണ് ബോബാബ്. വരണ്ടനാളുകൾക്കായി ധാരാളം വെള്ളം തടിക്കുള്ളിൽ ശേഖരിക്കുന്നത് ഈ മരത്തിന്റെ പ്രത്യേകതയാണ്. ഈ മരങ്ങളിൽ നിന്നുള്ള ഇലകളും പഴങ്ങളും ആഹാരമാക്കാറുണ്ട്. പഴങ്ങളിലെ കുരുക്കൾ എണ്ണയുൽപാദനത്തിനും ഉപയോഗിക്കും. 20 മുതൽ 100 അടി വരെ ഉയരം വയ്ക്കുന്ന മരങ്ങളാണ് ഇവ. സിംബാബ്‌വെയിലുള്ള അകംപൊള്ളയായ ഒരു ബോബാബ് മരത്തിൽ 40 പേർക്ക് താമസിക്കാമത്രേ. ആഫ്രിക്കയിൽ വീടായും താമസകേന്ദ്രമായും മറ്റുമൊക്കെ ബോബാബ് റോളുകൾ വഹിച്ചിട്ടുണ്ട്.

ബോബാബ് മരങ്ങളിൽ 8 സ്പീഷീസുകളുണ്ട്. ഇതിൽ ആറെണ്ണം മഡഗാസ്കറിലാണു കാണപ്പെടുന്നത്. ഒരെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ആഫ്രിക്കയിലും. ഇന്നു ലോകത്ത് പലയിടങ്ങളിലും ബോബാബ് കൊണ്ടുപോയി വളർത്തിയിട്ടുണ്ട്. അപൂർവങ്ങളിൽ അത്യപൂർവങ്ങളായ സസ്യ-ജീവി വർഗങ്ങളും സീലക്കാന്ത് തുടങ്ങിയ ലിവിങ് ഫോസിൽ ഗണത്തിലെ അപൂർവ മത്സ്യങ്ങളും അധിവസിക്കുന്ന മഡഗാസ്‌കർ ലോകപരിസ്ഥിതി ഭൂപടത്തിന്‌റെ തിലകമാണ്. ജൈവവൈവിധ്യം മൂലം എട്ടാമത്തെ ഭൂഖണ്ഡമെന്നുപോലും പ്രതീകാത്മകമായി ദ്വീപ് വിശേഷിപ്പിക്കപ്പെടാറുണ്ട്.

ഉള്ള് നിറയെ വെള്ളവുമായി വളരുന്ന അത്ഭുത മരം കൂടിയാണ് ബോബാബ്. ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളം വരെ സംഭരിച്ചു വക്കാന്‍ ഈ മരത്തിന് കഴിയും എന്നാണ് പഠനങ്ങള്‍ പറയുന്നത്. വേനല്‍ കാലത്ത് പ്രകൃതിയ്ക്ക് ഈ മരം വലിയ ആശ്വാസം ആണ്. നിരവധി ജീവജാലങ്ങൾക്ക് ഈ മരം സഹായം ആയി മാറുന്നുണ്ട്. വെള്ളം സൂക്ഷിക്കുന്ന മരം ആയതിനാല്‍ ഇതിനെ ബോട്ടിൽ ട്രീ എന്ന ആളുകള്‍ വിളിക്കാറുണ്ട്. കൂടാതെ ജീവ വൃക്ഷം, തലകീഴായ മരം എന്നിങ്ങനെ നിരവധി പേരുകളില്‍ ഈ മരം അറിയപ്പെടുന്നുണ്ട്.

തടിയില്‍ വെള്ളം ഉണ്ട് എന്നത് മാത്രം അല്ല മറ്റു നിരവധി പ്രത്യേകതകളും ഈ മരത്തിന് ഉണ്ട്. ഈ മരത്തിലെ പഴത്തില്‍ വിറ്റാമിൻ സി, എ,ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിന്‍റെ ഇലകള്‍ ഭക്ഷണയോഗ്യമാണ്. പല വസ്തുക്കള്‍ ഉണ്ടാക്കാന്‍ വേണ്ടി ഇവ ഉപയോഗിക്കാറുണ്ട്. ഈ മരങ്ങളുടെ ആയുസ് 3000 വര്‍ഷങ്ങള്‍ ആണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.