തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. തമിഴ്നാട് തീരത്തും വടക്കൻ കേരളത്തിന് സമീപവും നിലനിൽക്കുന്ന രണ്ട് ചക്രവാത ചുഴികളാണ് ഇപ്പോഴുള്ള അതിതീവ്ര മഴയ്ക്ക് കാരണം.
സംസ്ഥാനത്ത് 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കും വരെ മലയോര വിനോദ സഞ്ചാരമേഖലയിലേക്കുള്ള യാത്ര വിലക്ക് തുടരും.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട് മുതൽ കാസർകോട് വരെയുള്ള 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാൾ ഇടുക്കി, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ടും നൽകി. മഴയ്ക്കൊപ്പം ഇടിമിന്നലിലും കാറ്റിനും സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.