കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തരധനസഹായം നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനം. ചീഫ് ഇലക്ട്രിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അന്തിമറിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു.
അതേസമയം യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനിയർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ജൂൺ 25ന് പരിഗണിക്കും.
സംഭവത്തിൽ സർവീസ് വയറിലും കടയിലെ വയറിങ്ങിലും ചോർച്ചയെന്ന് കെഎസ്ഇബി കണ്ടെത്തിയിരുന്നു. തലേ ദിവസം പകൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോർട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽ എ.ഡബ്ല്യു.എച്ച് റോഡ് ജങ്‌ഷനു സമീപമാണ് അപകടം. കിണാശ്ശേരിയിൽനിന്ന് ഹോട്ടലിൽ ജോലി കഴിഞ്ഞുവരുന്നതിനിടെ വഴിയിൽ ബൈക്ക് കേടാവുകയായിരുന്നു. തുടർന്ന്, വീട്ടിലേക്ക് പോകാൻ സഹോദരനെ വിളിച്ചുവരുത്തി. ശക്തമായ മഴയായതിനാൽ, കേടായ ബൈക്ക് സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറ്റി നിർത്തുന്നതിനിടെയാണ് അപകടം.
ബൈക്ക് നിർത്തുന്നതിനിടെ ചരിഞ്ഞപ്പോൾ മേൽക്കൂരയുടെ തൂണിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. ഷോക്കേറ്റ് വീണ റിജാസിനെ സഹോദരനും അതുവഴി വന്ന യാത്രക്കാരനും ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലുമാണ് സമീപത്തെ മരത്തിന്റെ കൊമ്പ് വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞു തൂങ്ങിയത്.