ന്യൂഡല്‍ഹി: എ.എ.പി രാജ്യസഭാ എം.പി സ്വാതി മാലിവാള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ വെച്ച് അതിക്രമത്തിന് ഇരയായെന്ന വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വി.കെ സക്‌സേന. കടുത്ത മാനസികാഘാതമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഭവത്തിന് ശേഷം അവര്‍ അനുഭവിക്കുന്നതെന്ന് വി.കെ സക്‌സേന പറഞ്ഞു.
കഴിഞ്ഞ ദിവസം വലിയ സങ്കടത്തോടെ സ്വാതി മലിവാള്‍ തന്നെ വിളിച്ചിരുന്നു. സ്വന്തം സഹപ്രവര്‍ത്തകനില്‍ നിന്നും താന്‍ അനുഭവിച്ച ദുരവസ്ഥയെപറ്റി വിശദമായി വിവരിച്ചു. തെളിവ് നശിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ പറ്റി ചൂണ്ടിക്കാട്ടി. വിവിധ വിഷയങ്ങളില്‍ സ്വാതി മലിവാളുമായി തനിക്ക് തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ട്. വിവാദത്തിലായിട്ടുണ്ട്. പക്ഷെ ശരീരിക ഉപദ്രവം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും സക്‌സേന പറഞ്ഞു.
അതേസമയം, ലഫ്. ഗവർണറെ തള്ളി ആം ആദ്മി പാർട്ടി രംഗത്തെത്തി. സ്വാതി മലിവാൾ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് ഗവർണറുടെ പ്രസ്താവന തെളിയിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഗൂഢാലോചന നടത്തുകയാണ്. ബിജെപി ദയനീയമായി പരാജയപ്പെടാൻ പോവുകയാണ്. മോദിജിയുടെ മുങ്ങുന്ന കപ്പൽ സ്വാതി മലിവാളിൻ്റെ പിന്തുണ സ്വീകരിക്കുകയാണെന്നും എഎപി വിമർശിച്ചു.
സംഭവത്തില്‍ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സ്വാതി മലിവാൾ ആക്രമിക്കപ്പെട്ട ദിവസം ജോലിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയാണ് എടുത്തത്. കെജ്‌രിവാളിന്റെ പിഎയും കേസിലെ പ്രതിയുമായ ബിഭവ് കുമാറുമായി മുംബൈയിൽ എത്തിയ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. മുംബൈയിൽ ബിഭവ് കുമാർ കണ്ടവരുടെയും മൊഴി രേഖപ്പെടുത്തും.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് ദീര്‍ഘകാലം മുഖ്യമന്ത്രിയുടെ പി.എ ആയി പ്രവര്‍ത്തിച്ച ബൈഭവ് കുമാര്‍ മെയ് 13 ന് തന്നെ ശാരീരികമായി അക്രമിച്ചെന്നായിരുന്നു സ്വാതിമലിവാളിന്റെ ആരോപണം. സംഭവത്തില്‍ ബൈഭവ് കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.