ന്യൂഡല്‍ഹി: കടുത്ത ചൂടില്‍ വെന്തുരുകി ഡല്‍ഹി നഗരം. വീണ്ടും ഡല്‍ഹിയില്‍ 47 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തി. ജാഗ്രതയുടെ ഭാഗമായി ഡല്‍ഹിയില്‍ അടുത്ത അഞ്ചുദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഡൽഹി അതിർത്തി പ്രദേശങ്ങളിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. വൈദ്യുതി ഉപഭോഗം 7572 മെഗാവാട്ട് ആയാണ് ഉയര്‍ന്നത്.
വേനലവധി പ്രഖ്യാപിച്ചിട്ടും അടക്കാത്ത സ്കൂളുകളോട് ഉടന്‍ തന്നെ കുട്ടികള്‍ക്ക് അവധി അനുവദിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഉഷ്ണതരംഗം തുടരുന്നതിനാല്‍ പകല്‍സമയത്ത് പരമാവധി വീടുകളില്‍ തന്നെ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദേശം നൽകി.
ഹരിയാനയോട് ചേർന്നുള്ള നജഫ്ഗഡിലാണ് ചൊവ്വാഴ്ച 47.4 ഡിഗ്രി താപനില രേഖപ്പെടുത്തിയത്. ദക്ഷിണപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ 47.8 ഡിഗ്രി സെല്‍ഷ്യസ് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂടാണ്.