തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിനെതിരെ മേയർ നൽകിയ പരാതി ആദ്യം കന്റോണ്‍മെന്റ് പോലീസ് അന്വേഷിച്ചെങ്കിലും പിന്നീട് കേസ് മ്യൂസിയം പോലീസിന് കൈമാറുകയായിരുന്നു. കേസിൽ പ്രധാന തെളിവായ മെമ്മറി കാർഡ് ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
എത്രയും വേഗം കേസിൽ കുറ്റപത്രം നൽകാനാണ് പൊലീസിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ബസ് പരിശോധിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. രണ്ടുമാസമായി വേഗപ്പൂട്ട് ഇളക്കിയിട്ടെന്നും ജി.പി.എസ് പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി. മേയർ സഞ്ചരിച്ച വാഹനം അമിതവേഗത്തിൽ ബസ് മറികടന്നോ എന്ന് അറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസിൽനിന്ന് കിട്ടിയില്ല. പരാതിക്കാരിയുടെ മൊഴിയുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റപത്രം നൽകാനാണ് തീരുമാനം.