കുവൈത്ത് സിറ്റി: കുവൈത്തിൽ വിസാ നിയമ ഭേദഗതി നടപ്പാക്കുന്നു. തൊഴിൽ വിസ, തൊഴിൽ വിസാ കൈമാറ്റം എന്നിവയിലെ ഭേദഗതി നടപ്പാക്കൽ ജൂൺ ആദ്യം മുതലുണ്ടായേക്കുമെന്നാണ് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ റിക്രൂട്ട് ചെയ്യുന്ന ജീവനക്കാർക്ക് തൊഴിൽ വിസ അനുവദിക്കുന്നതിനും വിസ കൈമാറുന്നതിനുമുള്ള നടപടിക്രമങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കൊണ്ടുവന്ന ഭേദഗതിയാണ് നടപ്പാക്കുന്നത്. 2024ൽ 3ാം നമ്പർ പ്രമേയമായി പുറപ്പെടുവിച്ച ഭേദഗതി നടപ്പാക്കുന്നതായും പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് എന്നിവരുടെ മേൽനോട്ടത്തിൽ അതോറിറ്റി തുടർന്നും പ്രവർത്തിക്കുമെന്നും വിവിധ സ്രോതസ്സുകൾ അറിയിച്ചതായി അൽ-സിയാസ / അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. തൊഴിൽ വിപണിയെ പുനഃക്രമീകരിക്കുന്നതിനും ജനസംഖ്യാ ഘടന നിയന്ത്രിക്കുന്നതിനുമുള്ള വിപുല ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച മാനദണ്ഡം അടിസ്ഥാനമാക്കി തൊഴിലുടമകൾ വർക്ക് പെർമിറ്റ് നേടണമെന്ന് ഏപ്രിൽ 20ന് പുറപ്പെടുവിച്ച വിസാ നിയമ ഭേദഗതിയിൽ പറയുന്നു. ഓരോ വർക്ക് പെർമിറ്റിനും 150 ദിനാർ അധിക ഫീസ് ഈടാക്കും. വർക്ക് പെർമിറ്റ് ഉപയോഗിച്ച് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളെ മൂന്ന് വർഷത്തിനുള്ളിൽ 300 ദിനാർ ഫീസ് നൽകി മറ്റൊരു തൊഴിലുടമക്ക് കൈമാറാമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.
എന്നാൽ ഗവൺമെന്റ് ഉടമസ്ഥതയിലുള്ള കമ്പനികൾ, ആരോഗ്യ മന്ത്രാലയ ലൈസൻസുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നാഷണൽ പ്രൊമോഷൻ അതോറിറ്റി അംഗീകരിച്ച വിദേശ നിക്ഷേപകർ, സ്പോർട്സ് ക്ലബ്ബുകൾ, പബ്ലിക് ബെനഫിറ്റ് അസോസിയേഷനുകൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, ലേബർ യൂണിയനുകൾ, ചാരിറ്റബിൾ എൻഡോവ്മെന്റുകൾ, ലൈസൻസുള്ള കാർഷിക പ്ലോട്ടുകൾ, മത്സ്യബന്ധന പ്രവർത്തനങ്ങൾ, കന്നുകാലി പ്രവർത്തനങ്ങൾ, വാണിജ്യ, നിക്ഷേപ റിയൽ എസ്റ്റേറ്റ്, വ്യാവസായിക സൗകര്യങ്ങൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയുൾപ്പെടെയുള്ള ചില സ്ഥാപനങ്ങളെ ഈ തീരുമാനം ഒഴിവാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.