മലയാളത്തിലും തെന്നിന്ത്യയിലും നായികയായി വൻ ജനപ്രീതി നേടാൻ ഗൗതമിക്ക് സാധിച്ചിട്ടുണ്ട്. തമിഴിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ഗൗതമിക്ക് ലഭിച്ചു. ഗൗതമിയുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളും ആരാധകർക്ക് അറിയാവുന്നതാണ്. കാൻസർ ബാധിതയായ ഗൗതമി സധൈര്യം ഈ പ്രതിസന്ധി ഘട്ടത്തെ നേരിട്ടു. കമൽ ഹാസനുമായുള്ള ബന്ധം അവസാനിച്ചതും സിനിമാ ലോകത്ത് ചർച്ചയായി. ഇപ്പോഴിതാ സ്നേഹ ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഗൗതമി. ഒരു പോഡ്കാസ്റ്റിലാണ് നടി മനസ് തുറന്നത്. എന്നെ സംബന്ധിച്ച് സ്നേഹം അൺ കണ്ടീഷണലാണ്.
കണ്ടീഷൻ വെച്ചാൽ സ്നേഹവും അടുപ്പവും ഉണ്ടാവില്ല. അതേസമയം ഐ ലവ് യു എന്ന് നമ്മൾ ഒരാളോട് പറയുമ്പോൾ നമ്മുടെ ദൗർബല്യങ്ങളും അവരെ അറിയിക്കുകയാണ്. അത് സംരക്ഷിക്കേണ്ട കടമ അവർക്കുണ്ട്. ഒറ്റയ്ക്ക് നമ്മൾക്ക് ചെയ്യാൻ പറ്റാത്ത കാര്യമില്ല, പഠിക്കുകയും ജോലി ചെയ്യുകയും വീട് വെക്കുകയും ചെയ്യുന്നു. ആണായാലും പെണ്ണായാലും മെറ്റീരിയലായും പ്രാക്ടിക്കലായുമുള്ള കാര്യങ്ങൾ നമുക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റും. റിലേഷൻഷിപ്പുകൾ നമ്മൾ തേടുന്നതിന് കാരണം വൈകാരിക അടുപ്പത്തിന് വേണ്ടിയാണ്.
അവൻ എന്നെ പൂർണയാക്കുന്നു, അവൾ എന്നെ പൂർണനാക്കുന്നു എന്ന് പറഞ്ഞുള്ള സ്നേഹം തുടങ്ങുമ്പോൾ തന്നെ അവസാനിക്കും. അവരില്ലെങ്കിൽ എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് പറയുന്നവരുടെ കാര്യത്തിൽ വിഷമം ഉണ്ട്. 25 വയസ് വരെയെങ്കിലും നിങ്ങൾ ജീവിച്ച് ഇവിടെ വരെയെത്തി. ജീവിതത്തിൽ എത്രയോ നല്ല കാര്യങ്ങൾ നടന്നു. പെട്ടെന്ന് ഒരാളെ കണ്ട്, അവരില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പറയുമ്പോൾ നിങ്ങൾ സ്വയം ചെറുതാവുകയാണ്. സ്വന്തം ജീവിതം കൂടുതൽ നന്നാകാൻ ഒരാൾ വേണമെന്ന് കരുതാം. പക്ഷെ എനിക്ക് നിലനിൽക്കാൻ ഒരാൾ വേണമെന്ന് പറയുന്നത് തെറ്റാണെന്നും ഗൗതമി ചൂണ്ടിക്കാട്ടി.
അശ്രദ്ധ കൊണ്ടാണ് ബന്ധങ്ങൾ ടോക്സിക് ആകുന്നതെന്നും ഗൗതമി പറയുന്നു. നമ്മൾ ചിന്തിക്കുന്നില്ല. എന്തിനാണ് ഇയാളെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്, വന്ന ശേഷം എന്റെ ജീവിതത്തിൽ ഇങ്ങനെ ചെയ്തിട്ടും എന്തുകൊണ്ട് കാര്യമാക്കിയില്ല എന്നൊക്കെ ചിന്തിക്കണം. തനിക്കും ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്. ഇങ്ങനെയൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവരരുത് എന്ന് ബോധം ഉണ്ടായിട്ടുണ്ട്. പക്ഷെ കടന്ന് വന്ന പാതയിൽ ഞാൻ പശ്ചാത്തപിക്കുന്നില്ല. ആ അനുഭവമുള്ളത് കൊണ്ടാണ് പുതിയൊരു കാര്യം ഞാൻ മനസിലാക്കുന്നത്. എന്റെയുള്ളിൽ എത്ര ശക്തിയുണ്ട് എന്നൊക്കെ മനസിലാക്കി.
ഇതൊക്കെ അഭിമുഖീകരിച്ചതിനാലാണ് ഇന്ന് ഞാനായിരിക്കുന്നത്. പക്ഷെ അതിനായി ഈ തീയിൽ കൈ വെക്കരുത്. പക്ഷെ തീയാണെന്ന് അറിയില്ലെങ്കിൽ അനുഭവിച്ച് മനസിലാക്കണം. തനിക്കൊരു പങ്കാളി വേണമെന്ന് തോന്നിയിട്ടില്ലെന്ന് ഗൗതമി പറയുന്നു. ഞാൻ എന്നിൽ സന്തുഷ്ടയാണ്. ഞാനാണ് എന്റെ നല്ല സുഹൃത്തെന്ന് മനസിലാക്കി. എന്റെ ജീവിതത്തിൽ സ്നേഹമുണ്ട്. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം കുട്ടികളാണ്. ആരുടെ കുട്ടിയായാലും തനിക്കിഷ്ടമാണ്. ആരെങ്കിലും ജീവിതത്തിൽ വന്നാൽ മാത്രം സ്വയം മൂല്യം കൊടുക്കുന്ന ആളല്ല താനെന്നും ഗൗതമി വ്യക്തമാക്കി.