ഡൽഹി: മദ്യനയകേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ഡൽഹി ഹൈക്കോടതി. സിസോദിയ സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് സ്വർണ കാന്ത ശർമയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സിസോദിയ ഗുരുതരമായ അധികാര ദുർവിനിയോഗവും വിശ്വാസ വഞ്ചനയും നടത്തിയതായി കേസിൽ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
വൈകുന്നേരം 6:28 ന് 22 മിനിറ്റ് നേരം ഉത്തരവ് വായിക്കാൻ തുടങ്ങിയ ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ, ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ നശിപ്പിക്കുന്നതിൽ സിസോദിയ ഏർപ്പെട്ടതായി ആരോപിച്ചു.
മദ്യനയം രൂപീകരിക്കുന്നതിനായി പക്ഷപാതപരമായ നടപടികളെടുത്തെന്ന് തെളിവുകളിലൂടെ വ്യക്തമായി. സിസോദിയ വിദഗ്ധ സമിതിയുടെ നിർദേശങ്ങള്‍ പരിഗണിച്ചില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.