മുംബൈ: പുനെയില്‍ ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചിരുന്ന പതിനേഴുകാരന്റെ അച്ഛനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബ്രഹ്മ റിയാലിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉടമ വിശാല്‍ അഗര്‍വാളാണ് അറസ്റ്റിലായത്. കല്ല്യാണിനഗറിലെ അപകടത്തില്‍ പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കില്‍ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, മദ്യപിക്കുന്ന ശീലം ഉള്‍പ്പെടെ മാറ്റാനായി കൗണ്‍സലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികളോടെയാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം നല്കിയത്. എന്നാല്‍, ഇതിനെതിരേ വ്യാപക വിമര്‍ശനമാണുയര്‍ന്നത്. തൊട്ടു പിന്നാലെ കേസ് ക്രൈംബ്രാഞ്ചിനു വിടുകയായിരുന്നു.
പതിനേഴുകാരന് 15 ദിവസത്തെ ശിക്ഷ മാത്രം ലഭിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അപകടത്തിന്റെപശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യപിച്ചു വാഹനമോടിക്കുന്ന കേസുകളില്‍ കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കേസില്‍ പ്രതിയായ 17-കാരന് നല്‍കിയ ശിക്ഷ വളരെ ചെറുതാണ്. നിലവില്‍ പ്രതിക്ക് 17 വര്‍ഷവും എട്ടുമാസവുമാണ് പ്രായം. ഡല്‍ഹി നിര്‍ഭയ സംഭവത്തിന് ശേഷം ജുവനൈല്‍ ജസ്റ്റിസ് കേസുകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഹീനമായ കുറ്റമാണ് ചെയ്തതെങ്കില്‍ 16 വയസിന് മുകളിലുള്ള ആളെ മുതിര്‍ന്ന വ്യക്തിയായി ഇതുപ്രകാരം കണക്കാക്കാം. എന്നാല്‍ അതിശയിപ്പിക്കുന്ന ഉത്തരവാണ് ജുവനൈല്‍ കോടതിയില്‍നിന്നും ഉണ്ടായത്. ഉത്തരവിനെതിരെ പോലീസ് ഉയര്‍ന്ന കോടതിയെ സമീപിച്ചിട്ടുണ്ട്’, അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെ 2.15-ഓടെയാണ് പുണെ കല്ല്യാണിനഗറില്‍ പതിനേഴുകാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എന്‍ജിനിയര്‍മാര്‍ മരിച്ചത്.
പന്ത്രണ്ടാംക്ലാസ് പരീക്ഷയിലെ വിജയം ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പബ്ബില്‍ പോയി മദ്യപിച്ച ശേഷം കാറോടിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. 200 കിലോമീറ്റര്‍ വേഗത്തിലാണ് പോര്‍ഷെ കാറോടിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 2.15ന് കല്യാണിനഗറില്‍ വച്ച് ഈ കാറിടിച്ച് ബൈക്ക് യാത്രികരായ മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്.
അതേസമയം, സംഭവത്തില്‍ മദ്യം നല്‍കിയ പബ് അടച്ചുപൂട്ടി എക്‌സൈസ്. നിയമം ലംഘിച്ച് മദ്യം നല്‍കിയെന്ന പേരിലാണ് പബ് സീല്‍ ചെയ്തത്. മധ്യപ്രദേശിലെ അബ്കാരി നിയമപ്രകാരം 25 വയസ്സാണ് മദ്യം വാങ്ങിക്കാനുള്ള പ്രായം.
ബാര്‍ ഉടമയെ നേരത്തെ പൂണെ പോലീസ് അറസ്റ്റുചെയ്തതിന് പിന്നാലെയാണ് പബ് അടച്ചുപൂട്ടിയത്. സംഭവത്തില്‍ ഇതുവരെ മൂന്നുപേരാണ് അറസ്റ്റിലായിരിക്കുന്നത്. ബാര്‍മാനേജരും, കാര്‍ ഓടിച്ച 17 കാരന്റെ അച്ഛനും നേരത്തെ പോലീസ് കസ്റ്റഡിയിലായിരുന്നു.