Sports

ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്തു; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്‍ ഫൈനലില്‍

അഹമ്മാദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ഫൈനലില്‍. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഫൈനലിലെത്തിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈബദാരാബാദ് 19.3 ഓവറില്‍ 159ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (28 പന്തില്‍ 51), ശ്രേയസ് അയ്യര്‍ (24 പന്തില്‍ 58) എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറികളാണ് കൊല്‍ക്കത്തയെ വിജത്തിലേക്ക് നയിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാറ്റ് കമ്മിൻസിന്റെ തീരുമാനത്തിന് പ്രതികൂലമായിരുന്നു കാര്യങ്ങൾ. മിച്ചൽ സ്റ്റാർക്ക് പവർപ്ലെയിൽ മൂന്ന് വിക്കറ്റുകൾ പിഴുതു. ഹൈദരാബാദ് നിരയിൽ രാഹുൽ ത്രിപാഠി (35 പന്തിൽ 55) റൺസുമായി ടോപ് സ്‌കോററായി. അവസാന ഓവറിൽ 30 റൺസുമായി പാറ്റ് കമ്മിൻസ് തകർത്തടിച്ചതോടെയാണ് സ്‌കോർ 150 കടന്നത്.

തുടർച്ചയായി രണ്ടാം മത്സരത്തിലും ഓസീസ് താരം ട്രാവിസ് ഹെഡ് പൂജ്യത്തിന് മടങ്ങി. ഇന്നിങ്‌സിലെ രണ്ടാം പന്തിൽ മിച്ചൽ സ്റ്റാർക്ക് ബൗൾഡാക്കുകയായിരുന്നു. നിതീഷ് കുമാർ റെഡ്ഡിയേയും(9),ഷബാസ് അഹമ്മദിനേയും(0) പുറത്താക്കി സ്റ്റാർക്ക് ഐ.പി.എൽ റെക്കോർഡ് തുക നൽകി ടീം തന്നിലർപ്പിച്ച വിശ്വാസം കാത്തു. പഞ്ചാബിനെതിരായ അവസാന ഗ്രൂപ്പ് മാച്ചിലെ ഹീറോ അഭിഷേക് ശർമയേയും (3) നഷ്ടമായതോടെ പവർപ്ലെയിൽ നാലിന് 45 റൺസ് എന്ന നിലയിലായി ഹൈദരാബാദ്. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന രാഹുൽ ത്രിപാഠി-ഹെന്റിച് ക്ലാസൻ കൂട്ടുകെട്ട് ഹൈദരാബാദിന് പ്രതീക്ഷ നൽകി. തകർത്തടിച്ച ഇരുവരും സ്‌കോറിംഗ് വേഗമുയർത്തി. എന്നാൽ വരുൺ ചക്രവർത്തിയെ വലിയ ഷോട്ടിന് ശ്രമിച്ച ക്ലാസനെ (21 പന്തിൽ 32) ബൗണ്ടറി ലൈനിന് സമീപം റിങ്കു സിങ് പിടികൂടി. പിന്നാലെ ക്രീസിലെത്തിയ അബ്ദുൽ സമദ് സിക്‌സറോടെയാണ് തുടങ്ങിയത്. എന്നാൽ 13ാം ഓവറിൽ മികച്ച റണ്ണൗട്ടിലൂടെ ആന്ദ്രെ റസൽ കൂട്ടുകെട്ട് പൊളിച്ചു. മികച്ച നിലയിൽ ബാറ്റുവീശിയ ത്രിപാടിയെ നഷ്ടമായതോടെ ടിം വലിയ തകർച്ച നേരിട്ടു. ഇംപാക്ട് പ്ലെയറായെത്തിയ സൻവീർ സിങിനെ (0)ആദ്യ പന്തിൽതന്നെ സുനിൽ നരേൻ മടക്കി. ഒൻപതിന് 126 എന്ന നിലയിൽ നിന്ന് ടീമിനെ 159ലേക്കെത്തിച്ചത് കമ്മിൻസിന്റെ മികച്ച ഇന്നിങ്‌സായിരുന്നു.

കൊൽക്കത്തൻ നിരയിൽ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നൽകി.

160 വിജയലക്ഷ്യം കൊല്‍ക്കത്തയ്ക്ക് അനായാസമായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസ് (12 പന്തില്‍ 23) – സുനില്‍ നരെയ്ന്‍ (16 പന്തില്‍ 21) സഖ്യം മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ ഗുര്‍ബാസും ഏഴാം ഓവറില്‍ നരെയ്‌നും മടങ്ങി. എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ അയ്യര്‍ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. സഖ്യം 97 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും നാല് സിക്‌സും അഞ്ച് ഫോറും വീതം നേടി. പാറ്റ് കമ്മിന്‍സ്, ടി നടരാജന്‍ എന്നിവരാണ് ഹൈദരാബാദിന് വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്.