കൊച്ചി: എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി.ജയരാജനെ ട്രെയിൻ യാത്രയ്ക്കിടെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചതിന്റെ ഗൂഢാലോചനക്കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ആന്ധ്രപ്രദേശിൽ നടന്ന സംഭവത്തിൽ ചിരാല റെയിൽവേ പൊലീസ് കേസെടുത്ത് തുടർനടപടി സ്വീകരിച്ചതാണെന്നും ഒരേ സംഭവത്തിൽ വീണ്ടും എഫ്ഐആർ റജിസ്റ്റർ ചെയ്തതു നിയമപരമല്ലെന്നും കോടതി വിലയിരുത്തി. മൂന്നാം പ്രതി തലശ്ശേരി സ്വദേശി രാജീവനെയും കുറ്റവിമുക്തനാക്കി. ഇരുവരും വിചാരണ നേരിടണമെന്ന തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ റദ്ദാക്കി.
സംഭവം നടന്ന് 3 പതിറ്റാണ്ടോളമായപ്പോഴാണു സുധാകരന് ആശ്വാസവിധി ലഭിക്കുന്നത്. 1995 ഏപ്രിൽ 12നു ചണ്ഡിഗഡിൽ സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞു രാജധാനി എക്സ്പ്രസിൽ മടങ്ങുമ്പോൾ, ആന്ധ്രയിലെ നെല്ലൂർ ഭാഗത്തു വച്ചാണ് ജയരാജനു വെടിയേറ്റത്. കേരളത്തിലെയും ആന്ധ്രയിലെയും എഫ്ഐആറുകൾ പരിശോധിച്ച ഹൈക്കോടതി, രണ്ടും ഒരേ സംഭവവുമായി ബന്ധപ്പെട്ടതാണെന്നു വിലയിരുത്തി. രണ്ടിലും തൈക്കാട് ഗെസ്റ്റ് ഹൗസിൽ ഗൂഢാലോചന നടന്നെന്നാണ് ആരോപണം.
ആദ്യ എഫ്ഐആറിൽ നടന്ന അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ടിൽ സുധാകരനും രാജീവനും ഉൾപ്പെട്ടില്ലെങ്കിലും അന്വേഷണ പരിധിയിൽ ഇവരും ഉണ്ടായിരുന്നു. ആ നിലയ്ക്ക് തമ്പാനൂർ പൊലീസിന്റേതു രണ്ടാം എഫ്ഐആറാണെന്നും ചട്ടപ്രകാരം അത് അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർക്കു വേണ്ടി സീനിയർ അഡ്വ. എസ്. .ശ്രീകുമാർ, അഡ്വ. വിജു തോമസ് എന്നിവർ ഹാജരായി.