മലയാളികളുടെ പ്രിയപ്പെട്ട ഒന്നാണ് ഞണ്ട്. ഞണ്ടുകൊണ്ട് പലതരം വിഭവങ്ങൾ തയ്യറാക്കാം. ഇന്ന് ഞണ്ടുകൊണ്ട് ഒരു കിടിലൻ ഐറ്റം തയ്യറാക്കിയാലോ? നല്ല കുറുകിയ തേങ്ങാപാലിൽ ക്രാബ് ഫ്രൈ ചെയ്തെടുക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഞണ്ട് വൃത്തിയാക്കിയത് – അരകിലോ
- സവാള പൊടിയായരിഞ്ഞത് – ഒന്ന്
- ഇഞ്ചി – ഒരുകഷ്ണം
- വെളുത്തുള്ളി – വലിയ നാലല്ലി
- തക്കാളി അരിഞ്ഞത് – ഒന്ന്
- പച്ചമുളക് – രണ്ടോ മൂന്നോ
- കറിവേപ്പില
- മുളകുപൊടി – ആവശ്യമായത്
- മഞ്ഞൾപൊടി – അരസ്പൂൺ
- ചെറുനാരങ്ങാ – ഒരുപകുതി
- നല്ല കട്ടിയുള്ള തേങ്ങാ പാൽ – 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്നവിധം
ഞണ്ട് കഷ്ണങ്ങളാക്കിയതും തക്കാളി ഉള്ളി ഇഞ്ചി വെളുത്തുള്ളി മുളകുപൊടി മഞ്ഞൾപൊടി എന്നിവയും ഉപ്പും ചേർത്ത് ഒരു ചീനച്ചട്ടിയിലാക്കി ഒരല്പം വെള്ളവും കുടഞ്ഞു അടുപ്പിൽ വെച്ച് കുറഞ്ഞതീയിൽ വേവിക്കണം. വെള്ളംവറ്റിയാൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. നന്നായി ഇളക്കി മൊരിയാൻ തുടങ്ങുമ്പോൾ നല്ല കുറുകിയ തേങ്ങാപാൽ ഒഴിച്ചുകൊടുക്കണം. അല്പം നാരങ്ങാനീരും പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്ത് തേങ്ങാപാൽ വറ്റുന്നത് വരെ ഇളക്കി മൊരിയിച്ചെടുത്ത് ചൂടോടെ സേർവ് ചെയ്യാം.