Movie News

രൺബീർ കപൂർ- സായ് പല്ലവി ചിത്രം ‘രാമായണം’ നിർത്തിവെച്ചുവെന്ന് റിപ്പോർട്ട്: വലിയ പ്രതിസന്ധി

രൺബീർ കപൂർ, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം വലിയ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്ന് രാമായണത്തിന്റെ ചിത്രീകരണം നിര്‍ത്തിവച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രീകരണം ആരംഭിച്ച് രണ്ട് മാസം തികയുന്നതിന് മുമ്പാണ് ചിത്രീകരണം നിര്‍ത്തിവെച്ചത് എന്ന് ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

രാമന്റെ വേഷത്തിലാണ് ചിത്രത്തില്‍ രണ്‍ബീര്‍ കപൂറെത്തുന്നത്. സീതയെ സായ് പല്ലവിയും അവതരിപ്പിക്കുന്നു. നിലവില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചുവെന്നാണ് റിപ്പോര്‍ട്ട്.

‘നോട്ടീസിന് ശേഷം കുറച്ച് ദിവസത്തേക്ക് ചിത്രീകരണം തുടരുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ ആഴ്ചയോടെ പൂര്‍ണ്ണമായും ചിത്രീകരണം നിര്‍ത്തിവച്ചു. നോട്ടീസിലെ നിയമവശങ്ങള്‍ പഠിച്ചുവരുകയാണ്. സമവായത്തിലെത്തിയ ശേഷം മാത്രമേ ചിത്രീകരണം പുനരാരംഭിക്കൂ. മൂന്നാഴ്ചയ്ക്കുള്ളില്‍ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ – സിനിമയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്‌തു.

ആദ്യഘട്ടത്തില്‍ നിര്‍മാതാവായിരുന്ന മധു മണ്ടേന ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബാധ്യതകള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് ഇപ്പോള്‍ ലഭിച്ചത് എന്നാണ് വിവരം. ഈ വര്‍ഷാവസാനം സഞ്ജയ് ലീല ബന്‍സാലിക്ക് വേണ്ടി ലവ് ആന്റ് വാര്‍ എന്ന ചിത്രത്തിനായി റണ്‍ബീര്‍ കോള്‍ ഷീറ്റ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി ഈ ചിത്രങ്ങളെ ബാധിച്ചേക്കും എന്നാണ് വിവരം.

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് രാമായണം. കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്. 850കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ വിഡിയോയും നേരത്തേ പ്രചരിച്ചിരുന്നു. സായി പല്ലവി, രൺബീർ കപൂർ എന്നിവർക്കൊപ്പം സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹനുമാന്റെ വേഷത്തില്‍ സണ്ണി ഡിയോള്‍ എത്തും. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും.