ദുബൈ: മാർഗ നിർദേശങ്ങൾ ലംഘിച്ച് ഇടപാടുകൾ നടത്തിയ ഓൺലൈൻ നിക്ഷേപ, ട്രേഡിങ് പ്ലാറ്റ്ഫോമിന് 4.5 ലക്ഷം ദിർഹം പിഴ ചുമത്തി. അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവ ഡിജിറ്റൽ വെൽത്ത് എന്ന കമ്പനിക്കെതിരെയാണ് മാർഗ നിർദേശങ്ങൾ ലംഘിച്ചതിന് അബൂദബി ഗ്ലോബൽ മാർക്കറ്റിലെ (എ.ഡി.ജി.എം) ഫിനാൻഷ്യൽ സർവിസസ് റഗുലേറ്ററി അതോറിറ്റി (എഫ്.എസ്.ആർ.എ) പിഴ ചുമത്തിയത്.
അബൂദബി ഗ്ലോബൽ മാർക്കറ്റിൽ നിക്ഷേപം ക്ഷണിക്കുന്നതിനുമുമ്പ് എഫ്.എസ്.ആർ.എ അംഗീകരിച്ച കൃത്യമായ രേഖകൾ ഉപഭോക്താവിന് മുമ്പാകെ നൽകണമെന്നാണ് നിയമം. ഇത് പാലിക്കുന്നതിൽ സർവ ഡിജിറ്റൽ വെൽത്ത് പരാജയപ്പെട്ടതായി പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി.
2023 ഏപ്രിൽ, മേയ് മാസങ്ങളിൽ സെക്യൂരിറ്റികളിൽ നിക്ഷേപം ക്ഷണിച്ചിരുന്നു. ഇതിൽ ഓഫർ സംബന്ധിച്ച് അധികൃതർ അംഗീകരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല.