കൊളസ്‌ട്രോള്‍ നിലയില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിടുന്നവര്‍ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധനകള്‍ നടത്തി പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്തുകൊണ്ടെന്നാല്‍ കൊളസ്‌ട്രോള്‍ മിക്കപ്പോഴും നിശബ്ദനായ കൊലയാളിയാണ്. കൊളസ്‌ട്രോളിന് എടുത്തുപറയത്തക്ക ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. ഹൃദയാഘാതമോ സ്‌ട്രോക്കോ വരുമ്പോഴാണ് ചിലരെങ്കിലും ശരീരത്തിലെ കൊളസ്‌ട്രോള്‍ നില എപ്പോഴോ പരിധി കടന്നിരുന്നുവെന്ന് മനസ്സിലാക്കുക. അതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ വളരെ അപകടകാരിയാണ്. അതുപോലെ തന്നെ കാല്‍വിരലുകളിലെ നഖം നോക്കിയാലും കൊളസ്‌ട്രോള്‍ കൂടുന്നത് അറിയാന്‍ കഴിയുമെന്ന് വൈദ്യശാസ്ത്ര മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു. അത്തരം ലക്ഷണങ്ങളെ അവഗണിക്കാതെ, ഒരു രക്തപരിശോധനയിലൂടെ ശരീരത്തിലെ കൊളസ്‌ട്രോള്‍ നില ഉറപ്പിക്കുന്നത് ചിലപ്പോള്‍ വലിയ അപകടങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കും. നഖം നോക്കി കൊളസ്‌ട്രോള്‍ നില എങ്ങനെ അറിയാമെന്ന് നോക്കാം.
കൊളസ്‌ട്രോള്‍ വളരെയധികം ഉയര്‍ന്ന് രക്തക്കുഴലുകളില്‍ കൊഴുപ്പ് രൂപപ്പെടുമ്പോള്‍ മാത്രമായിരിക്കും പലപ്പോഴും ശരീരത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകുക. രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞാല്‍ അത് രക്തക്കുഴലിന്റെ ഭിത്തിയുടെ ഘടനയെ ബാധിക്കും, അതിലൂടെയുള്ള രക്തത്തിന്റെ ഒഴുക്ക് കുറയും. കൊഴുപ്പ് അടിഞ്ഞുകൂടി രക്തക്കുഴലുകളിലൂടെയുള്ള രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോള്‍, കാല്‍വിരലുകളിലെ നഖങ്ങളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടേക്കാം. കാല്‍വിരലുകളിലെ നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകുക, നഖം വളരെ പതുക്കെ മാത്രം വളരുക എന്നിവയെല്ലാം ശരീരത്തിലെ കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ ലക്ഷണമാകാം. രക്തത്തിലെ കൊളസ്‌ട്രോള്‍ ഉയരുന്നത് പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് അഥവാ പിഎഡി എന്ന അവസ്ഥയ്ക്ക് കാരണമാകാം. പിഎഡി മൂലം രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയുകയും കാലിലെ പേശികളിലേയ്ക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇത് ഉടനെ ജീവന് ഭീഷണിയായി മാറണമെന്നില്ല, എന്നാല്‍ പതുക്കെപ്പതുക്കെ ഇത് ഗുരുതരമായി മാറുകയും ജീവന് ഭീഷണിയാകുകയും ചെയ്യും.
നഖങ്ങളില്‍ മഞ്ഞ നിറം അല്ലെങ്കില്‍ മിടിപ്പ്. സാന്തോമസ് എന്നാണ് ഇതറിയപ്പെടുന്നത്. ത്വക്കിന് താഴെ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടിയതിന്‌റെ ലക്ഷണമാണ് സാന്തോമസ്. ചീത്ത കൊളസ്‌ട്രോള്‍ പരിധി വിടുന്നു എന്നതിന്‌റെ സൂചനയായി ഇതിനെ കാണാം. നിങ്ങളുടെ നഖം വെള്ളനിറത്തിലാകുകയോ, നിറം മങ്ങുകയോ ചെയ്യുകയാണെങ്കില്‍ അമിത കൊളസ്‌ട്രോളിന്റെ ലക്ഷണമാകാമത്. നഖത്തിന്‌റെ നിറം മങ്ങുന്നത് അവിടേയ്ക്കുള്ള രക്തയോട്ടം കുറഞ്ഞുവെന്ന് സൂചിപ്പിക്കുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടിയാല്‍ നഖത്തിന്റെ കട്ടി കൂടുകയും ചെയ്യാം. സാധാരണഗതിയില്‍ നഖം നീളുന്നില്ലെങ്കില്‍ അത് കൊളസ്‌ട്രോള്‍ അധികരിക്കുന്നതിന്റെ ലക്ഷണമായി കരുതുന്നു. നഖങ്ങളില്‍ നീല നിറമോ ഇരുണ്ട കുത്തുകളോ കണ്ടാല്‍ അത് കൊളസ്‌ട്രോള്‍ കൂടിയതിന്റെ ലക്ഷണമായിരിക്കാം. രക്തയോട്ടം കുറയുമ്പോഴാണ് ഇത്തരം കുത്തുകള്‍ ഉണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നഖങ്ങളുടെ രൂപം നോക്കിയും അമിത കൊളസ്‌ട്രോള്‍ തിരിച്ചറിയാം. നഖങ്ങള്‍ നിരപ്പല്ലാതെ ഇരിക്കുക, പൊടിപൊടിയായി ഇരിക്കുക എന്നിവയെല്ലാം കൊളസ്‌ട്രോളിന്റെ സൂചനകളാണ്.