2024ലെ രാജ്യാന്തര ബുക്കർ പുരസ്കാരം ജർമൻ ചരിത്ര പശ്ചാത്തലത്തിൽ പ്രണയകഥ പറഞ്ഞ ജെന്നി ഏർപെൻബെക്കിന്റെ ‘കെയ്റോസ്’ന് . ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളില്‍ നിന്നാണ് ‘കെയ്റോസ്’ തിരഞ്ഞടുക്കപ്പെട്ടത്.
1980-കളുടെ അന്ത്യത്തിൽ കിഴക്കൻ ബെർലിനിൽ സംഭവിക്കുന്ന വികാരഭരിതമായ പ്രണയബന്ധവും തുടർന്നുള്ള സംഭവങ്ങളുടെയും കഥ പറയുന്ന നോവലാണ് ജെന്നി എർപെൻബെക്കിന്റെ ‘കെയ്‌റോസ്’. 19 വയസ്സുള്ള ഒരു യുവ വിദ്യാർഥിനി കാതറീനയും 50 വയസ്സുള്ള വിവാഹിതനും എഴുത്തുകാരനുമായ ഹാൻസുമാണ് പ്രായവത്യാസത്തിന്റെ മതിൽകെട്ടുകളില്ലാതെ പ്രണയത്തിലാകുന്നത് . അപ്രതീക്ഷിതമായ കണ്ടുമുട്ടൽ അവർക്കിടയിൽ തീവ്രമായ പ്രണയത്തിന്റെ വിത്ത് പാകുന്നു .പിന്നീട് കിഴക്കൻ ജർമനിയുടെ രാഷ്ട്രീയ സാമൂഹിക ഭൂപ്രകൃതി, ബെർലിൻ മതിലിന്റെ പതനത്തിന് കാരണമാകുന്ന നാടകീയമായ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ അവരുടെ ബന്ധവും വികസിക്കുന്നു.
32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് 6 പുസ്തകങ്ങളായിരുന്നു ഈ വർഷത്തെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.സോറ കിം റസ്സലും യങ്‌ജെ ജോസഫിൻ ബേയും വിവർത്തനം ചെയ്‌ത ഹ്വാങ് സോക്-യോങ്ങിന്റെ മാറ്റർ 2-10, കിരാ ജോസഫ്സൺ വിവർത്തനം ചെയ്ത ഇയാ ജെൻബെർഗിന്റെ ദ് ഡീറ്റേൽസ്, ആനി മക്‌ഡെർമോട്ട് വിവർത്തനം ചെയ്ത സെൽവ അൽമാഡയുടെ നോട്ട് എ റിവർ, സാറാ ടിമ്മർ ഹാർവി വിവർത്തനം ചെയ്‌ത ജെന്റെ പോസ്റ്റുമയുടെ വാട്ട് ഐ വുഡ് റാതർ നോട്ട് തിങ്ക്, ജോണി ലോറൻസ് വിവർത്തനം ചെയ്ത ഇറ്റാമർ വിയേര ജൂനിയറിന്റെ ക്രൂക്ക്ഡ് പ്ലോ എന്നിവയായിരുന്നു ബുക്കർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മറ്റു പുസ്തകങ്ങൾ. ജൂറിയിൽ ചെയർപഴ്‌സനായ എലനോർ വാച്ചെലാണ് പുരസ്കാരം പ്രഖാപിച്ചത്. കവി നതാലി ഡയസ്, നോവലിസ്റ്റ് റൊമേഷ് ഗുണശേഖര, വിഷ്വൽ ആർട്ടിസ്റ്റ് വില്യം കെൻട്രിഡ്ജ്, എഴുത്തുകാരനും എഡിറ്ററും വിവർത്തകനുമായ ആരോൺ റോബർട്ട്‌സൺ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍.
സമ്മാനത്തുകയായ 50,000 പൗണ്ട് രചയിതാവായ ജെന്നി ഏർപെൻബെക്കിനും വിവർത്തകനായ മിഖായേൽ ഹോഫ്മാനും തുല്യമായി നൽകപ്പെടും.