വർഷങ്ങളായി അഭിനയ മേഖലയിൽ ഉണ്ടെങ്കിലും ഈയടുത്ത കാലത്താണ് നടി മാളവിക മേനോൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരുപാട് സൈബർ ആക്രമണങ്ങളും നടി നേരിട്ടിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലാണ് പ്രധാന കുറ്റപ്പെടുത്തൽ. ഇപ്പോഴിതാ താൻ നേരിട്ട് സൈബർ അധിക്ഷേപങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി.
മോശം കമന്റുകൾ കാണുമ്പോൾ വീട്ടുകാർക്ക് വിഷമം തോന്നാറുണ്ടെന്ന് മാളവിക പറയുന്നു. എന്തിനാണ് വായിക്കാൻ പോകുന്നതെന്ന് ഞാൻ ചോദിക്കും. അതൊന്നും ശ്രദ്ധിക്കേണ്ട, എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ഒരു ഫേക്ക് അക്കൗണ്ട് എടുത്ത് തിരിച്ച് മറുപടി കൊടുക്കാൻ പറയുമെന്നും മാളവിക തമാശയായി പറഞ്ഞു. ഉദ്ഘാടനങ്ങൾ ചെയ്ത ശേഷം തനിക്ക് നല്ല പ്രതികരണമാണ് ലഭിക്കാറെന്നും മാളവിക പറയുന്നു.
എല്ലാം അടിപൊളിയായി വരണമെന്ന് പ്രാർത്ഥിച്ച് കൊണ്ടാണ് കട്ട് ചെയ്യാറുള്ളത്. ഉദ്ഘാടനത്തിന് ശേഷം വരുന്ന റിവ്യുകളാണ് കുറേക്കൂടി പേഴ്സണലായി തോന്നാറുള്ളത്. നമുക്ക് മാളവികയെ തന്നെ മതി, അടുത്ത രണ്ട് ബ്രാഞ്ചുണ്ട് എന്ന് പറയുമ്പോൾ സന്തോഷമാണ്. ഒരു സലൂൺ ഉദ്ഘാടനം ചെയ്തിരുന്നു. നന്നായി പോകുന്നുണ്ട്, അടുത്ത് എവിടെയെങ്കിലും ഉദ്ഘാടനമുണ്ടെങ്കിൽ മാളവികയെ സജസ്റ്റ് ചെയ്യുമെന്ന് അവർ പറഞ്ഞെന്നും മാളവിക വ്യക്തമാക്കി.
“കമന്റുകൾ ആദ്യമാെക്കെ വിഷമിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ എനിക്ക് മാത്രമല്ല, അവർക്ക് തോന്നുന്ന ഏത് താരത്തെയും അധിക്ഷേപിക്കുന്നുണ്ട്. ഷാരൂഖ് ഖാന് വരെ ഇവനേതാ എന്ന രീതിയിൽ കമന്റ്സ് വരുന്ന കാലമാണ്. എല്ലാവർക്കും കിട്ടുന്നുണ്ട്. അത് കാര്യമാക്കാതിരിക്കുക.
നമ്മളെ പരിചയമില്ലാത്ത, നമ്മളെക്കുറിച്ച് ഒന്നുമറിയാത്ത ഏതോ അവിടെ ഇരിക്കുന്ന ആൾ നമ്മളെ പറ്റി അനാവശ്യം പറയുമ്പോൾ അതിൽ വേദനിക്കേണ്ട കാര്യമെന്താണ്. സഹിക്കാൻ പറ്റാതാകുമ്പോൾ വീട്ടുകാർ പറഞ്ഞിട്ട് തന്നെ ഞാൻ കമന്റ് ചെയ്തിട്ടുണ്ട്. ഞാൻ പരമാവധി മിണ്ടാതിരിക്കും. പക്ഷെ പറയാൻ തുടങ്ങിയാൽ ഒറ്റ വാക്കായിരിക്കും, പിന്നെ അവർ പറയുമ്പോൾ ആലോചിക്കും.
ശ്രദ്ധ കിട്ടാൻ വേണ്ടി പലരും എല്ലാവർക്കും ഇങ്ങനെ കമന്റ് ചെയ്യുന്നവരുണ്ട്. അത് കാര്യമാക്കാറില്ല. ഒരു ഗ്യാങ് പോലെ ഇറങ്ങിയിരിക്കുകയാണെന്ന് എനിക്ക് തോന്നാറുണ്ട്. പ്രത്യേകിച്ചും ഒരു വർക്കിന്റെ പോസ്റ്റോ ഉദ്ഘാടനത്തിന്റെ വീഡിയോയോ പോസ്റ്റ് ചെയ്താൽ അതിന്റെ അടിയിലാണ് ഏറ്റവും കൂടുതൽ കമന്റ് വരിക. എന്റെ വീട്ടിൽ നിന്ന് ചെന്ന് ചോദിച്ചിട്ടുണ്ട്. കമന്റ് ചെയ്ത ആളുടെ പ്രൊഫൈലിൽ ചെന്ന് ചോദിച്ചു. മാളവിക നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു.
എനിക്കവിടെ വന്നാൽ ശ്രദ്ധ കിട്ടും കുറച്ച് ലൈക്ക് കിട്ടും എന്നൊക്കെ പറഞ്ഞവരുണ്ട്. വേറൊരുത്തൻ ഇങ്ങനെ പറയുന്നത് കേട്ടു, അപ്പോൾ പിന്നെ അവനെ സപ്പോർട്ട് ചെയ്തതാണെന്ന് പറഞ്ഞു. ഫ്രസ്ട്രേഷനുള്ളവരുണ്ടെന്നും മാളവിക പറയുന്നു. വസ്ത്രത്തിന്റെ പേരിൽ വരുന്ന വിമർശനം സെലിബ്രിറ്റികളായത് കൊണ്ടാണെന്ന് കരുതുന്നു.
ഇന്നത്തെ തലമുറയിലെ കുട്ടികൾ അവർക്കിഷ്ടമുള്ള സ്റ്റെെലിഷായ വസ്ത്രങ്ങൾ ധരിക്കുന്നുണ്ട്. അത് കാണുമ്പോൾ പ്രശ്നമില്ലെങ്കിൽ പിന്നെ ഇത് കാണുമ്പോൾ പ്രശ്നമുണ്ടാകുന്നത് എങ്ങനെയെന്ന് എനിക്കൊട്ടും മനസിലാവുന്നില്ല. ഒരുപക്ഷെ നമ്മളേക്കാൾ സ്റ്റെെലിഷായി സുന്ദരീ, സുന്ദരന്മാർ എക്സ്പോസ് ആയി നടക്കുന്നുണ്ട്”- മാളവിക പറഞ്ഞു.