മസ്കറ്റ്: ഒമാനിൽ പുതിയ ആറ് വിമാനത്താവളങ്ങൾ നിർമിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അൽ അബ്രി പറഞ്ഞു. 2028-29-ഓടെ നിർമാണം പൂർത്തിയാകും. ടൂറിസം ആവശ്യങ്ങൾക്കായുള്ള ആഭ്യന്തര വ്യോമഗതാഗതം വർധിപ്പിക്കുന്നതിന് സഹായകമാകുന്നതാണ് പുതിയ പദ്ധതി. പദ്ധതികൾ നടപ്പാകുന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി വർധിക്കും.
റിയാദിലെ ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം 2040 ആകുമ്പോഴേക്കും അഞ്ചുകോടിയായി ഉയരുമെന്നും നായിഫ് അൽ അബ്രി പറഞ്ഞു. പുതിയ മുസന്ദം വിമാനത്താവളം 2028 രണ്ടാം പകുതിയോടെ പൂർത്തിയാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പദ്ധതിക്കായുള്ള പഠനങ്ങളും സ്ഥലം തിരഞ്ഞെടുക്കലും പൂർത്തിയായി. രാജ്യത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മസ്‌കറ്റ്, സൊഹാർ, സലാല എന്നിവയാണ്.