Kerala

സീറോ വേസ്റ്റ് ടു ലാന്‍ഡ്ഫില്‍; പുരസ്‌ക്കാരം നേടി തിരുവനന്തപുരം വിമാനത്താവളം

ഇന്ത്യയില്‍ ഈ അംഗീകാരം നേടുന്ന ആദ്യ വിമാനത്താവളം

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ-ഐടിസി) സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റിന്റെ സീറോ വേസ്റ്റ് ടു ലാന്‍ഡ്ഫില്‍ (ZWL) അംഗീകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. ഇന്ത്യയില്‍ ഈ അംഗീകാരം നേടുന്ന ആദ്യ വിമാനത്താവളമാണ് തിരുവനന്തപുരം. വിമാനത്താവളത്തില്‍ സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായി അവലംബിച്ച മാലിന്യം കുറയ്ക്കല്‍, പുനരുപയോഗം, പുനഃസംസ്‌ക്കരിക്കല്‍, വീണ്ടെടുക്കല്‍ എന്നിവയിലൂടെ ലാന്‍ഡ്ഫില്‍ ഡൈവേര്‍ഷന്‍ നിരക്ക് 99.50% കൈവരിച്ചതായി സിഐഐ വിലയിരുത്തി. 100% പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും എയര്‍പോര്‍ട്ടില്‍ സംസ്‌കരിക്കുന്നുണ്ട്.

apuram

കഴിഞ്ഞ വര്‍ഷത്തെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളാണ് സിഐഐ വിലയിരുത്തിയത്. സീറോ വേസ്റ്റ് ടു ലാന്‍ഡ്ഫില്‍ (ZWL) എന്നതിന്റെ ലക്ഷ്യം, ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം കുറഞ്ഞത് 99 ശതമാനവും മാലിന്യ രൂപത്തില്‍ നിന്ന് മാറ്റുക എന്നതാണ്. കടലാസ് മാലിന്യം, കട്ട്‌ലറി വേസ്റ്റ്, ഭക്ഷണാവശിഷ്ടങ്ങള്‍, റോഡ് മാലിന്യങ്ങള്‍ എന്നിവയായിരുന്നു വിമാനത്താവളത്തിലെ മാലിന്യ ഉല്‍പാദനത്തിന്റെ പ്രധാന ഉറവിടങ്ങള്‍. ഐഎസ്ഒ 14001:2015 അംഗീകാരമുള്ള മാലിന്യ സംസ്‌കരണ സംവിധാനം എയര്‍പോര്‍ട്ടിലുണ്ട്. വേര്‍തിരിക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും റീസൈക്ലിംഗ് യാര്‍ഡിലേക്കു മാറ്റാനും പ്രത്യേക സംവിധാനങ്ങളുണ്ട്.