കസ്റ്റർഡ് ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടോ? രുചികരമായ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി കസ്റ്റർഡ് തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഫ്രൂട്ട്സ് സേമിയ കസ്റ്റർഡ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- പാൽ – 750ml
- വറുത്ത സേമിയ – 100 ഗ്രാം
- കസ്റ്റർഡ് പൗഡർ – ഒരു ടേബിൾ സ്പൂൺ
- പഞ്ചസാര – ഒരു കപ്പ്
- കണ്ടെൻസ്‌ട് മിൽക്ക് – ആവശ്യമെങ്കിൽ മാത്രം രണ്ട് ടേബിൾ സ്പൂൺ
- ആപ്പിൾ, പേരക്ക, മാതളം, മുന്തിരി, ചെറുപഴം – ചെറുതായി നുറുക്കിയത്
തയ്യറാക്കുന്ന വിധം
ആദ്യം ചുവടു കട്ടിയുള്ള പാത്രത്തിൽ പാലൊഴിച്ചു തിളപ്പിക്കാൻ വയ്ക്കുക. ഇതിൽ നിന്നും ഒരു കപ്പ് പാൽ മാറ്റി വയ്ക്കുക. തിളച്ചു വരുന്ന പാലിലേക്ക് വറുത്ത സേമിയ ചേർക്കുക. വെന്തുവരുമ്പോൾ പഞ്ചസാര ചേർത്തിളക്കുക. മാറ്റൊരു ചെറിയ പാത്രത്തിൽ കസ്റ്റർഡ് പൗഡറും (പല ഫ്ലേവറുകളിലുള്ള കസ്റ്റർഡ് പൗഡറുകൾ വിപണിയിൽ ലഭ്യമാണ്. അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഫ്ലേവർ വേണമെങ്കിലും തിരഞ്ഞെടുക്കാം.)
മൂന്ന് സ്പൂൺ ചെറു ചൂടുള്ള പാലും ചേർത്ത് കട്ടയില്ലാതെ ഇളക്കി സേമിയ കൂട്ടിലേക്ക് ഒഴിച്ച് കൊടുത്ത് തുടരെ ഇളക്കുക. കുറുകി വരുമ്പോൾ കണ്ടെൻസ്‌ഡ് മിൽക്കും ചേർത്ത് വാങ്ങി ചൂടാറാൻ വയ്ക്കുക. ചൂടാറിയ ശേഷം മൂന്ന് മണിക്കൂർ ഫ്രിഡ്ജിൽ തണുപ്പിക്കാൻ വയ്ക്കുക.
തണുത്ത ശേഷം സേമിയ കസ്റ്റർഡ് മിക്സ് അധികം കട്ടിയായാൽ മാറ്റി വച്ചിരിക്കുന്ന പാൽ ആവശ്യത്തിനൊഴിച്ചു കട്ടി കുറയ്ക്കാം. ശേഷം ചെറുതായി അരിഞ്ഞ പഴങ്ങൾ ഒരു ഗ്ലാസിലോ ബൗളിലോ നിരത്തി അതിനു മുകളിൽ സേമിയ കസ്റ്റർഡ് ഒഴിച്ച് യോജിപ്പിച്ചു ചേർത്ത് ഉപയോഗിക്കാം. പുളിയില്ലാത്ത എല്ലാ പഴങ്ങളും ഇതിനുപയോഗിക്കാവുന്നതാണ്. ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ചു പഴങ്ങളുടെ അളവിലും മാറ്റം വരുത്താം. പൈനാപ്പിൾ എടുക്കുന്നുണ്ടങ്കിൽ നേരിട്ട് ചേർക്കാതെ പഞ്ചസാരയിൽ വഴറ്റി മാത്രം ചേർക്കുക.