തിരുവനന്തപുരം: 2023 ലെ മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി. പദ്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ആനോ’ എന്ന നോവൽ രചിച്ച ഇ.ആർ. ഇന്ദുഗോപൻ ആണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്കാരം. ‘അഭിജ്ഞാനം’ എന്ന ചെറുകഥയുടെ കർത്താവായ ഉണ്ണി ആർ. മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
ചലച്ചിത്ര പുരസ്കാരങ്ങളിൽ, ‘ആട്ടം’ എന്ന ചിത്രത്തിന് ആനന്ദ് ഏകർഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാർഡ് നേടി. 40000 രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.
40 വയസിൽ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയർ ഇന്ത്യ എക്‌സ്പ്രസ് നൽകുന്ന പ്രത്യേക പുരസ്‌കാരത്തിന് ‘മാർഗ്ഗരീറ്റ’ രചിച്ച എം.പി. ലിപിൻ രാജ് അർഹനായി.
വി.ജെ. ജെയിംസ് അധ്യക്ഷനും കെ. രേഖ, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങൾ തെരഞ്ഞെടുത്തത്. ശ്യാമപ്രസാദിന്റെ അധ്യക്ഷത്തിൽ വിജയകൃഷ്ണനും ശ്രുതി ശരണ്യവുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങൾ നിർണയിച്ചത്.
പുരസ്കാരങ്ങൾ വൈകാതെ വിതരണം ചെയ്യുമെന്ന് പദ്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ. ചന്ദ്രശേഖർ എന്നിവരറിയിച്ചു.