പൂനയില്‍ 17-കാരന്‍ ഒന്നര മണിക്കൂര്‍ കൊണ്ട് മൂന്ന് പബ്ബുകളില്‍ ചെലവഴിച്ച തുക 48000 രൂപ, തുടര്‍ന്ന് അടിച്ചു ഫിറ്റായി അത്യാഢംബര കാറായ പോര്‍ഷയില്‍ അതിവേഗത്തില്‍ യാത്ര ചെയ്ത് ഇടിച്ചു കൊലപ്പെടുത്തിയത് രണ്ടു യുവ എന്‍ജിനീയര്‍മാരെ. പൂനയില്‍ ഇക്കഴിഞ്ഞ 19-ാം തീയതി നടന്ന അതിദാരുണ അപകടത്തിന്റെ വിവരങ്ങളാണിത്. 17 കാരന്‍ ചെയ്ത് ഈ കൊലക്കുറ്റത്തിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് എടുത്ത തീരുമാനമാണ് എല്ലാവരെയും ഞെട്ടിച്ചത്. റോഡ് സുരക്ഷയെക്കുറിച്ചുള്ള 300 വാക്കുള്ള ഒരു ഉപന്യാസം എഴുതുക, പതിനഞ്ച് ദിവസത്തിനുള്ളില്‍ ട്രാഫിക് നിയമങ്ങള്‍ പഠിക്കുക തുടങ്ങിയ ഏഴ് ജാമ്യ വ്യവസ്ഥകളാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നല്‍കിയത്. 17 കാരനെ നല്ല നടത്തിപ്പിന്റെ മധുര പാഠങ്ങള്‍ പഠിക്കാന്‍ ഉത്തരവിട്ട് ബോര്‍ഡ് എന്ത് സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് വ്യക്തമാക്കാന്‍ ആവശ്യമുയരുന്നു.
ഇതോടെ, മദ്യപിച്ച് ആശ്രദ്ധമായി അമിതവേഗതയില്‍ വാഹനം ഓടിച്ച് രണ്ടു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നടപടിയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കൊലക്കുറ്റം ചെയ്ത് മകനെ രക്ഷിക്കാന്‍ പൂനയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ അച്ഛന്‍ സ്വാധീനം ചെലുത്തിയെന്നാണ് ആരോപണം.
19 ന് രാത്രി 10:40-ഓടെ കോസി എന്ന ആദ്യ പബ്ബിലും പിന്നീട് 12:10-ഓടെ ബ്ലാക്ക് മാരിയട്ട് എന്ന മറ്റൊരു പബ്ബിലുമാണ് 17-കാരനും സംഘവും പോയത്. ഇരുന്നൂറു കിലോമീറ്ററോളം വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് യുവ എഞ്ചിനീയര്‍മാരായ മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ജാമ്യ വ്യവസ്ഥ പ്രകാരം, 7500 രൂപ വീതമുള്ള രണ്ട് ബോണ്ടുകളും റോഡ് സുരക്ഷയെക്കുറിച്ചുള്ള 300 വാക്കുകളുള്ള ഒരു ഉപന്യാസവും ഉള്‍പ്പെടുന്നു.
1. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (RTO) സന്ദര്‍ശിക്കുകയും എല്ലാ നിയമങ്ങളും ചട്ടങ്ങളും പഠിക്കുകയും 15 ദിവസത്തിനുള്ളില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് സമര്‍പ്പിക്കുകയും, അത് അവതരിപ്പിക്കുകയും ചെയ്യണം.
2. RTO ഉദ്യോഗസ്ഥരെ സഹായിക്കുകയും 15 ദിവസത്തേക്ക് ട്രാഫിക് നിയമങ്ങള്‍ പഠിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം.
3. മദ്യപാനം ചെയ്തതിന് ഡി-അഡിക്ഷന്‍ കൗണ്‍സിലിംഗിലേക്ക് റഫര്‍ ചെയ്യും
3. സസൂണ്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മാനസികരോഗ വിദഗ്ധരെ സമീപിക്കുകയും 15 ദിവസത്തിനകം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.
4. കൗമാരക്കാരന്റെ രക്ഷിതാവ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാകാനും അവനെ ‘മോശം കൂട്ടുകെട്ടില്‍’ നിന്ന് അകറ്റി നിര്‍ത്താനും നിര്‍ദ്ദേശിക്കുന്നു.
ജാമ്യത്തിനായി വാദിച്ച കുട്ടിയുടെ അഭിഭാഷകര്‍, തെളിവുകള്‍ നശിപ്പിക്കുകയോ കോടതിയുടെ അധികാരപരിധിയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയോ ചെയ്യില്ലെന്നും, ചുമത്തിയ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്നും കൗമാരക്കാരന്റെ അഭിഭാഷകര്‍ പറഞ്ഞു. കുട്ടിയെ ചീത്ത കൂട്ടുക്കെട്ടില്‍ നിന്നും മാറ്റുമെന്നും, അവന്റെ കരിയറിന് ഉപയോഗപ്രദമായ ഒരു തൊഴിലധിഷ്ഠിത കോഴ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ മുത്തച്ഛനും ഉറപ്പ് നല്‍കി. ഇത്തരം കാരണങ്ങളാല്‍ കൗമാരക്കാരനെ ജാമ്യത്തില്‍ വിട്ടയക്കുന്നത് ന്യായവും ഉചിതവുമാണെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പറഞ്ഞു.
12-ാം ക്ലാസ് പരീക്ഷ പാസായതിന്റെ ആഘോഷത്തിനായി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയതായിരുന്നു 17 വയസുകാരന്‍. നിയമവിരുദ്ധമായി പോര്‍ഷെ ഓടിച്ചതിന് പുറമെ ആണ്‍കുട്ടിക്കും സുഹൃത്തുക്കള്‍ക്കും കോസി ബാര്‍ എന്നറിയപ്പെടുന്ന ഒരു നഗര സ്ഥാപനം മദ്യം നല്‍കി. മദ്യശാലയ്ക്കും കുട്ടിയുടെ പിതാവിനും എതിരെ പൊലീസ് കുറ്റം ചുമത്തി; ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ സെക്ഷന്‍ 75, 77 പ്രകാരം അവര്‍ പോലീസ് കേസുകള്‍ എടുത്തിരുന്നു. കുട്ടിക്ക് മദ്യം വിളമ്പിയ ബാര്‍ സംസ്ഥാന എക്‌സൈസ് വകുപ്പ് സീല്‍ ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിക്ക് മദ്യം നല്‍കുന്നത് പതിഞ്ഞതിനെ തുടര്‍ന്നാണിത്.
കുറ്റം തെളിയിക്കപ്പെട്ടാല്‍, കൗമാരക്കാരന് ആറ് മാസം തടവും 10,000 രൂപ പിഴയും ലഭിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നേക്കാം. അപകടത്തില്‍പ്പെട്ട കാറിന് രജിസ്ട്രേഷനില്ല. വാഹനത്തിന് കര്‍ണാടകയില്‍ നിന്നും ലഭിച്ച താല്‍കാലിക രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉള്ളത്. സെപ്തംബര്‍ വരെയാണ് ഇതിന്റെ കാലാവധി. താത്കാലിക രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ ആര്‍.ടി.ഒ. ഓഫീസിലേക്കും തിരിച്ചും മാത്രമേ ഓടിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം.
പുലര്‍ച്ചെ 2.15നാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച പോര്‍ഷെ കാര്‍ അനീഷ് അവാധ്യയും 24 വയസ്സുള്ള അശ്വിനി കോസ്റ്റയും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. അശ്വിനി 20 അടി ഉയരത്തിലേക്ക് പൊങ്ങി സമീപ പ്രദേശത്തെ കാറുകളില്‍ വീണിരുന്നു. കാറോടിച്ച പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു. ഇത് വിവാദമാകുകയും ചെയ്തു. സംഭവത്തില്‍ 17-കാരന്റെ പിതാവ് വിശാല്‍ അഗര്‍വാളിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍പ്പോയ വിശാലിനെ മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍നിന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകള്‍പ്രകാരമാണ് അറസ്റ്റു ചെയ്തതെന്ന് പുനെ പോലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.