എല്ലാം ശരിയാക്കാനായിരുന്നു ബിജു പ്രഭാകര്‍ KSRTC എംഡിയായതെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ അകത്തളങ്ങളില്‍ കേട്ടിരുന്ന സംസാരം. പിന്നാലെ ബസ് ഓടിക്കാനറിയാത്ത ആദ്യ ഗതാഗതമന്ത്രി ആന്റണി രാജു മാറിയതിനു പിന്നാലെ ബിജു പ്രഭാകറിന്റെ കഷ്ടകാലം ആരംഭിച്ചു. KSRTC ഒട്ടു ശരിയാക്കിയതുമില്ല, ചുറ്റിനും ശത്രുക്കളുമായി. ബസോടിക്കാനറിയാവുന്ന, നാട്ടില്‍ നിരവധി സ്വകാര്യ ബസ്സുകളുള്ള മന്ത്രിയായ നടന്‍ വന്നതോടെ ബിജു പ്രഭാകറിന് നട്ടം തിരിയാന്‍ കഴിയാതെ വന്നു. പിന്നെ ലീവെടുത്തു. പിന്നാലെ വകുപ്പുമാറി. ഇപ്പോഴിതാ KSEBയിലെത്തി.
ഫലത്തില്‍ KSRTഇയും, KSEBയും ഒരു നുകത്തിലെ രണ്ടു കാളകളാണ്. വലിയെടാ വലി എന്നല്ലാതെ യാതൊരു ഗുണവുമില്ല. കടംകേറിയ KSRTCയും ഓസിനെ കിട്ടുന്ന വെള്ളം കൊണ്ട് നിര്‍മ്മിക്കുന്ന വൈദ്യുതിക്ക് കൊള്ളയടിയും നടത്തുന്ന KSEBയും കണക്കാ. KSEB ഒരു കൊള്ളയടി സ്ഥാപനമാണെന്ന് പറഞ്ഞത്, ഐ.പി.എസ്സുകാരിയാണ്. അതുകൊണ്ട് പാവങ്ങളായ മാധ്യമ പ്രവര്‍ത്തകരുടെ നെഞ്ചത്തേക്കു കയറാന്‍ വരരുത്. എന്തു തന്നെയായാലും ബിജു പ്രഭാകര്‍ KSRTCയില്‍ നല്ല പേരെടുത്ത വ്യക്തിയല്ല. ഉള്ളപേരു കളഞ്ഞ വ്യക്തിയാണ്. അതേ KSEBക്കാരോട് പറയാനുള്ളൂ.
സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പിനി സ്ഥാപിക്കാനും, അതുവഴി KSRTCയെ ഇല്ലാതാക്കാനും ശ്രമിച്ച എം.ഡിയെന്ന ഖ്യാതിയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ബിജു എം.ഡിയായി വന്നശേഷം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതില്‍ മുമ്പിലാണ്. ശമ്പളം എന്നത് സ്വപ്‌നമാകുമോയെന്നു പോലും തൊഴിലാളികള്‍ ഭയപ്പെട്ട കാലം. എം.ഡിയുടെ വീട്ടിലേക്ക് പ്രകടനം നടത്തിയ കാലം. 400 കോടിയുടെ അഴിമതി കണ്ടെത്തിയെന്ന് പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയ ഒരു ബിജു പ്രഭാകറിനെ കണ്ടിട്ടുണ്ട്. എന്നാല്‍, പിന്നീടൊരു ഘട്ടത്തില്‍പ്പോലും ഈ അഴിമതിയെ കുറിച്ച് മിണ്ടാത്ത ബിജു പ്രഭാകറിനെയും കണ്ടു.
ഇങ്ങനെയെല്ലാം വിഭവങ്ങള്‍ ഒരുക്കിവെച്ചാണ് ബിജു പ്രഭാകര്‍ KSRTCയുടെ എംഡി. കളം വിട്ടത്. പ്രധാനമായും, ഗണേശന്‍ മന്ത്രിയുമായുള്ള സ്വരച്ചേര്‍ച്ച നഷ്ടമായതാണ്. മന്ത്രിക്ക് എം.ഡിയും എംഡിക്ക് മന്ത്രിയും താങ്ങും തണലുമായി നില്‍ക്കാതെ തൊഴിലാളികളെ എങ്ങനെ മേയ്ക്കാനാകും. ശമ്പളം കൊടുക്കാതിരിക്കണം. കടമാണെന്നും, വരുമാനമില്ലെന്നും ഔദ്യോഗികമായി വിളിച്ചു പറയണം. തൊഴിലാളികള്‍ ജോലിക്കു വരാത്തവരാണെന്നു പറയണം. മദ്യപാനികളും, റാഷ് ഡ്രൈവര്‍മാരുമാണെന്നു പറയണം. ഇങ്ങനെ മാറിമാറി തൊഴിലാളികളുടെ നെഞ്ചില്‍ പൊങ്കാല ഇട്ടാലേ തൊഴിലാളി വര്‍ഗ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന് ശമ്പളം കൊടുക്കാതിരിക്കാനുള്ള വഴി തെളിയൂ.
ഇതിനെല്ലാം അടിസ്ഥാനമായി വേണ്ടത് ഐക്യമാണ്. അതും മന്ത്രിയും എം.ഡിയും തമ്മിലുള്ള ഐക്യം. ആന്റണി രാജു മന്ത്രിക്ക് ബിജുവായിരുന്നു സ്യൂട്ടായത്. എന്നാല്‍, ഗണേശന്‍ മന്ത്രിക്ക് സ്യൂട്ടല്ല. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയാണ് ബിജു പ്രഭാകര്‍ അവധിയെടുത്തതും, പിന്നീട് KSRTC ബസ് ഉപേക്ഷിച്ചതും. മന്ത്രിയും എം.ഡിയും തമ്മില്‍ മന്ത്രി ഓഫീസില്‍ പൊരിഞ്ഞ വാക്ക്പ്പയറ്റ് നടന്നിരുന്നെന്നും സെക്രട്ടേറിയറ്റിലെ രഹസ്യ ചാരന്‍മാര്‍ പറയുന്നുണ്ട്. വിശ്വസിക്കാവുന്ന സോഴ്‌സുകളാണത്. കാരണം, ഹജൂര്‍ കച്ചേരിയിലെ തൂണുകള്‍ക്കു വരെ കാതുണ്ടെന്നാ പഴമക്കാര്‍ പറയുന്നത്.
എല്‍.ഡി.എഫ് വരും എല്ലാം ശരിയാലും എന്നു പറഞ്ഞ സര്‍ക്കാരിനെപ്പോലെയായിരുന്നു ബിജു പ്രഭാകറും. KSRTCയെ ശരിയാക്കാന്‍ പോയ ബിജുവിനെ ശരിപ്പെടുത്തി വിട്ടതാണ് കണ്ടത്. തിരുവനന്തപുരത്തിന്റെ ഒപ്പറേഷന്‍ അനന്തയുടെ മാസ്റ്റര്‍ ബ്രെയിന്‍ ആയിരുന്ന ബിജു, സര്‍വ്വീസില്‍ മോശമെന്ന പദം പറയാന്‍ കഴിയാത്ത ബിജു, പക്ഷെ, ആനവണ്ടി കോര്‍പ്പറേഷനു മുമ്പില്‍ കൊമ്പുകുത്തി. ഈ കൊമ്പനാണ് KSEBയിലേക്ക് ചാടി വന്നിരിക്കുന്നത്. എന്താകുമെന്ന് കണ്ടു തന്നെ അറിയാം. കെ. കൃഷ്ണന്‍കുട്ടി മന്ത്രിക്ക് തലവേദനയാകുമോ, അതോ തലയാകുമോ എന്നറിയാന്‍ വരും ദിവസങ്ങള്‍ അവസരമൊരുക്കും. അതേ സമയം, KSRTC ജീവനക്കാര്‍ KSEB ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.