എറണാകുളം: കൊച്ചി അവയവ കടത്ത് കേസ് പ്രതി സാബിത്ത് നാസറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. അങ്കമാലി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിൽ പ്രതിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ ഒരു ഡോക്ടറാണ് ഇന്ത്യയിൽ അവയവ കച്ചവടത്തിന്റെ പ്രധാന ഏജൻറ് എന്നും സാബിത്ത് മൊഴി നൽകി. അറസ്റ്റിലായ സാബിത്തിന് നാല് പാസ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നും തൃശ്ശൂർ കേന്ദ്രീകരിച്ച് ഇയാൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് എന്നും പൊലീസ് കണ്ടെത്തി. അവയവ കച്ചവടം നടത്തിയ ശേഷം ഈ അക്കൗണ്ടുകളിലൂടെയാണ് ഇയാൾക്ക് പണം ലഭിച്ചിരുന്നത്. അവയവ കച്ചവടത്തിൽ സാബിത്തിന് പ്രാദേശിക സഹായം ലഭിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, മുല്ലശ്ശേരി പഞ്ചായത്തിൽ അവയവ മാഫിയ സജീവമാണെന്ന വെളിപ്പെടുത്തലുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എ ബാബു. മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്ന് സി.എ ബാബു ആരോപിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും സ്ത്രീകളേയും കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് നടക്കുന്നത്. ഇടനിലക്കാർ വഴിയാണ് അവയവക്കച്ചവടം നടന്നതെന്ന് അവയവം നൽകിയ സ്ത്രീ പറഞ്ഞു.
അവയവ ദാനത്തിനായി ആശുപത്രിയിൽ എത്തിയപ്പോൾ വേറെയും ഏജന്റുമാർ സമീപിച്ചുവെന്ന് അവയവദാനം നൽകിയ വീട്ടമ്മ വെളിപ്പെടുത്തി. ഇടനിലക്കാരനായി പ്രവർത്തിച്ച അന്നകര സ്വദേശി വിശ്വനാഥിന്റെ പേര് വീട്ടമ്മ ആവർത്തിച്ച് പറഞ്ഞു. മുല്ലശ്ശേരി പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ നിന്നായി ഏഴ് പേർ അവയവദാനം നടത്തി, അഞ്ചുപേർ വൃക്കയും രണ്ടുപേർ കരളുമാണ് നൽകിയതെന്നാണ് സി.എ ബാബു ഒരു സ്വകാര്യ വാര്ത്ത ചാനലിനോട് പറഞ്ഞു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. സംഭവത്തിൽ പരാതിക്കാരന്റെയും അവയവദാതാക്കളുടെയും മൊഴിയെടുത്തു. ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് പരാതിയിൽ പറയുന്ന വിശ്വനാഥനെയും, ചോദ്യം ചെയ്തെങ്കിലും ഉപകാരപ്രദമല്ലാത്ത വിവരങ്ങളാണെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.