ഷാർജ∙ ഷാർജയിലെ വ്യാവസായിക മേഖലകളിലെ പ്രധാന റോഡുകൾക്കരികെ സ്ഥിതിചെയ്യുന്ന പാർപ്പിട, വാണിജ്യ കെട്ടിടങ്ങൾ ഉടൻ തന്നെ മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കണമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. പരിസ്ഥിതി സംരക്ഷിക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സുരക്ഷ വർധിപ്പിക്കാനുമാണ് ഈ നടപടി.
ഇതുവഴി മഴവെള്ളം വേഗത്തിൽ ഒഴുകിപ്പോകുകയും മഴക്കാലത്ത് ടാങ്കറുകൾ വിന്യസിക്കേണ്ട ആവശ്യം കുറയുകയും ചെയ്യും. അടുത്തിടെ ഷാർജയിൽ നേരിട്ട മഴക്കെടുതിൽ, മഴവെള്ളം ദിവസങ്ങളോളം കെട്ടിക്കിടന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു.
എമിറേറ്റിലെ നഗരങ്ങളിലെ പുതിയ ഭവന പദ്ധതികളിൽ മലിനജലം, വാതകം, റോഡുകൾ, ഹരിതവൽക്കരണം എന്നിവ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഷെയ്ഖ് ഡോ. സുൽത്താൻ പറഞ്ഞു. ഈ പദ്ധതികളുടെ പുരോഗതി താൻ നിരീക്ഷിച്ചു വരുന്നു. രാജ്യം കൂടുതൽ വികസിക്കുകയും ആവശ്യമായ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.