ബോളിവുഡ് താരം ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്കുശേഷമാണ് അഹ്മദാബാദിലെ കെ.ഡി ആശുപത്രിയിൽ കിങ് ഖാനെ പ്രവേശിപ്പിച്ചത്.
അഹമ്മദാബാദിൽ ഐപിഎൽ മത്സരത്തിനെത്തിയ താരത്തെ സൂര്യാഘാതവും നിർജലീകരണവുമുണ്ടായതിനെ തുടർന്ന് കെഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തയും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനാണ് താരം ചൊവ്വാഴ്ച നഗരത്തിലെത്തിയത്. മത്സരശേഷം ഗ്രൗണ്ടിലെത്തി താരങ്ങളെ അഭിനന്ദിക്കുമ്പോഴും ഷാറൂഖിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ 44 ഡിഗ്രിയിൽ അധികമായിരുന്നു അഹമ്മദാബാദിലെ താപനില.
ചൊവ്വാഴ്ച രാത്രി നടന്ന ഒന്നാം ക്വാളിഫയറിൽ ഹൈദരാബാദിനെ തോൽപിച്ച് കൊൽക്കത്ത ഐ.പി.എൽ കലാശപ്പോരിന് യോഗ്യത നേടിയിട്ടുണ്ട്. ടീം ജയിച്ചതിനു പിന്നാലെ മകൾ സുഹാനക്കും മകൻ അബ്റാമിനുമൊപ്പമാണ് താരം ഗ്രൗണ്ടിലെത്തിയത്. പതിവുപോലെ താരങ്ങളെ ചേർത്തുപിടിച്ച് അഭിനന്ദിച്ചശേഷമാണ് താരം മടങ്ങിയത്.