ജെറുസലേം: പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവെ, അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ വിദേശകാര്യ മന്ത്രി. ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ചാണ് മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ പാലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ വിദേശകാര്യ മന്ത്രി അയർലൻഡിലെയും നോർവേയിലെയും ഇസ്രായേൽ അംബാസഡർമാരോട് ഉടൻ തന്നെ മടങ്ങാൻ ഉത്തരവിട്ടിരുന്നു.
“അയർലൻഡിനും നോർവേക്കും വ്യക്തമായ ഒരു സന്ദേശം തരുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കുന്നവരുടെ മുമ്പിൽ ഇസ്രായേൽ നിശബ്ദത പാലിക്കില്ല. പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഉദ്ദേശം സ്പെയിൻ പിന്തുടരുകയാണെങ്കിൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അതിനെതിരെ സമാനമായ നടപടി സ്വീകരിക്കും”, ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഐറിഷ്-നോർവീജിയൻ വിഡ്ഢിത്തം തങ്ങളെ പിന്തിരിപ്പിക്കുന്നില്ല. രാജ്യത്തെ പൗരന്മാർക്ക് സുരക്ഷ പുനഃസ്ഥാപിക്കുക, ഹമാസിനെ തകർക്കുക, ബന്ദികളെ നാട്ടിലെത്തിക്കുക. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ തങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ഹോളോകോസ്റ്റിനു ശേഷം ഏറ്റവും വലിയ യഹൂദ കൂട്ടക്കൊലയാണ് ഹമാസ് ഭീകരസംഘടന നടത്തിയത്. ലോകം കണ്ട നികൃഷ്ടമായ ലൈംഗിക കുറ്റകൃത്യങ്ങളും അവർ നടത്തി. ഇതിനെല്ലാം ശേഷവും ഈ രാജ്യങ്ങൾ പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. 128 ബന്ദികളെ തിരിച്ചയക്കാനുള്ള ശ്രമങ്ങൾക്കുള്ള പ്രഹരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പെയ്ന്‍, അയര്‍ലൻഡ്, നോര്‍വെ എന്നീ രാജ്യങ്ങളാണ് പാലസ്തീന് അനുകൂലമായ നിലപാടെടുത്തത്. ഈ മാസം 28 മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരിക.
പാലസ്തീന്- ഇസ്രയേല്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇത് പാലസ്തീന് നേട്ടമാണ്. ഇത് ഇസ്രയേലിനെതിരായ നീക്കമല്ലെന്നും സമാധാനത്തിന് വേണ്ടിയുള്ള തീരുമാനമാണെന്നുമാണ് സ്പെയിനിന്റെ വിശദീകരണം.
ഐക്യരാഷ്ടസഭയില് അംഗങ്ങളായ 193 രാജ്യങ്ങളില്‍ 140 രാജ്യങ്ങള്‍ മാത്രമാണ് പാലസ്തീനെ നിലവില്‍ സ്വതന്ത്രരാജ്യമായി അംഗീകരിച്ചിട്ടുള്ളത്. യുഎന്‍ രക്ഷാകൗണ്‍സില്‍ അംഗങ്ങളായ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളാണ് പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാന്‍ തയാറാകാത്തത്.