മലയാള സിനിമയെ കരുത്തുറ്റ കഥാപാത്രങ്ങളാല്‍ സമ്പന്നമാക്കിയ നടന്‍ ആണ് എം ജി സോമൻ. ഏറ്റവും ഒടുവിൽ ലേലം സിനിമയിലെ ആനക്കാട്ടിൽ ഈപ്പച്ചനെ അനശ്വരനാക്കിയ ശേഷമാണ് ജീവിത വെള്ളിത്തിരയിൽ നിന്നും അദ്ദേഹം മാഞ്ഞുപോയത്. മലയാള സിനിമാലോകത്തെ ഒരുകാലത്തെ ഒഴിച്ചുകൂടാനാകാത്ത നടന വിസ്മയമായിരുന്നു, തിരുവല്ല മണ്ണടിപ്പറമ്പിൽ ഗോവിന്ദപ്പണിക്കർ സോമശേഖരൻ നായർ എന്ന എം ജി സോമൻ. 1973 ൽ പിഎൻ മേനോന്റെ ‘ഗായത്രി’ എന്ന ചിത്രത്തിൽ ‘രാജാമണി’ എന്ന വില്ലനെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ സിനിമാ പ്രവേശം. മഞ്ഞപ്പിത്തത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 1997 ഡിസംബർ 12 നാണ് സിനിമാ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹം വിട പറഞ്ഞിട്ട് 27 വർഷം പിന്നിടാൻ ഒരുങ്ങുന്ന വേളയിൽ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഭാര്യ സുജാത.
“പെണ്ണ് കാണാൻ വന്നത് പോലും എനിക്ക് മനസിലായില്ല. അച്ഛന്റെ ഫ്രണ്ട്‌സ് വീട്ടിലേക്ക് വരുന്നു എന്ന് മാത്രമേ അറിയുമായിരുന്നുള്ളു. പോയി കഴിഞ്ഞപ്പോൾ ആണ് എന്നെ പെണ്ണ് കണ്ട് പോയവരാണെന്ന് അമ്മ പറയുന്നത്. സോമേട്ടൻ എയർഫോഴ്‌സിൽ ആയിരുന്നു. വീട്ടുകാർ ഇഷ്ടപ്പെട്ടു കല്യാണം ഉറപ്പിച്ചു. കല്യാണം കഴിഞ്ഞാണ് ഞാൻ സോമേട്ടനെ കാണുന്നത്. കല്യാണ ദിവസം സോമേട്ടന്റെ വീട്ടിൽ കയറുന്നതിനു കുറച്ച് മുന്നേ ആയിരുന്നു കണ്ടത്. കാരണം വീട്ടിൽ കയറുന്നതിനു സമയം ആയിരുന്നില്ല. കുറച്ച് സമയം മറ്റൊരു വീട്ടിൽ തങ്ങേണ്ടതുണ്ടായിരുന്നു. സോമേട്ടന്റെ കസിന്റെ വീടായിരുന്നു അത്. അപ്പോഴാണ് ഞാൻ സോമേട്ടനെ ആദ്യമായി കാണുന്നത്. എനിക്ക് അന്ന് 14 വയസ്. സോമേട്ടന് അന്ന് 27 വയസ്സ്. അന്നൊന്നും സിനിമയിലേക്ക് വന്നിട്ടില്ല. എയർഫോഴ്‌സിൽ ആയിരുന്നു. ഓണ സമയത്തൊക്കെ നാടകങ്ങളിൽ അഭിനയിക്കുമായിരിന്നു.
73 ൽ ആയിരുന്നു സിനിമയിലേക്ക് വരുന്നത്. മോൻ ഒക്കെ ഉണ്ടായി ഒന്നര വർഷം കഴിഞ്ഞ്. സോമേട്ടന് വീട്ടിൽ നിൽക്കാൻ പറ്റാത്തതുകൊണ്ട് ഞങ്ങൾ സോമേട്ടന്റെ കൂടെ എല്ലാ സ്ഥലത്തും പോകുമായിരുന്നു. സിനിമയിൽ ഫാമിലിയെ ഒക്കെ കൂടെ കൊണ്ട് പോയി തുടങ്ങിയത് അന്ന് സോമേട്ടൻ ആയിരുന്നു. മോൻ വലുതായി കഴിഞ്ഞപ്പോ മോനെ ബോർഡിങ്ങിൽ ആക്കിയിരുന്നു. അപ്പൊ പിന്നെ ഞാൻ മാത്രമാണ് ലൊക്കേഷനിൽ കൂടെ പോയിരുന്നത്. മക്കളെ അടുത്ത് പിടിച്ചു കിടത്തിയായിരുന്നു ഉറങ്ങിയിരുന്നത്. മക്കൾക്ക് ചോറു വാരിക്കൊടുക്കാനായിരുന്നു ചേട്ടന് ഇഷ്ടം. സോമേട്ടനെ ഒരിക്കലും ഒറ്റയ്ക്ക് കാണാൻ കിട്ടില്ലായിരുന്നു. എപ്പോഴും കൂടെ ആൾക്കാർ ഉണ്ടായിരുന്നു. നസീർ സർ, ജനാർദ്ദനൻ, സുകുമാരൻ, രവി മേനോൻ, കുഞ്ചൻ അങ്ങിനെ ഒരുപാട് പേര് ഈ വീട്ടിലേക്ക് വന്നിട്ടുണ്ട്. മധു ചേട്ടനൊക്കെ ഈ അടുത്ത കാലം വരെ വന്നിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് വയ്യാതായി. ഇത് വഴി വന്നാൽ മധു ചേട്ടൻ ഇവിടെ കേറിയിട്ടേ പോകൂ. ദിലീപ് വന്നിട്ടുണ്ട്. സുധീഷ് വരാറുണ്ട്.
പെട്ടെന്ന് അസുഖം വരുമെന്ന് ഞങ്ങളും വിചാരിച്ചില്ല സോമേട്ടനും വിചാരിച്ചില്ല. ലീവറിന് ആയിരുന്നു അസുഖം. അസുഖം മുന്നേ ഡയഗ്നൈസ് ചെയ്തിരുന്നെങ്കിലും പെട്ടെന്ന് അസുഖം കുടുമെന്ന് വിചാരിച്ചില്ല. എറണാകുളം പിവിഎസ് ഹോസ്പിറ്റൽ ആയിരുന്നു ചികിത്സ. ഫിലിപ്പ് അഗസ്റ്റിൻ ആയിരുന്നു ഡോക്ടർ. സോമേട്ടന്റെ സുഹൃത്ത് ആയിരുന്നു ഡോക്ടർ. ലേലം സിനിമ എൺപതാം ദിവസം ആഘോഷിക്കുമ്പോൾ സോമേട്ടൻ പിവിഎസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. 56 വയസ്സ് ഉണ്ടായിരുന്നു അപ്പൊ. ലേലം സിനിമ ഞങ്ങൾ കാണുന്നത് കോട്ടയത്തു വെച്ചാണ്. അവിടുന്ന് നേരെ ഞങ്ങൾ മോൾടെ അടുത്തേയ്ക്ക് പോകുകയായിരുന്നു. ജമ്മുവിൽ ആയിരുന്നു അന്ന് മോൾ.
സോമേട്ടന് ഒരുപാട് ഇഷ്ടമുള്ള സിനിമ ആയിരുന്നു ലേലം. സുകുമാരൻ, രവി മേനോൻ, കുഞ്ചൻ ഒക്കെ ആയിരുന്നു അടുത്ത സുഹൃത്തുക്കൾ. പിന്നെ ജനാർദ്ദനനും. തിരക്ക് ഒക്കെ ആയപ്പോ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോയി. സിനിമയിൽ ഉള്ളോരും ഇല്ലാത്തൊരും ഒക്കെ ഒരുപാട് പേര് ഉണ്ടായിരുന്നു. കമൽഹാസനുമായി വളരെ അടുത്ത ബന്ധമായിരുന്നു. സോമേട്ടനെ ഡാൻസ് പഠിപ്പിച്ചത് കമൽഹാസനായിരുന്നു ഒരു സിനിമയിൽ. മൂന്നാമത്തെയോ നാലാമത്തെയോ സിനിമ മുതൽ തുടങ്ങിയ ബന്ധം ആയിരുന്നു അവർ തമ്മിൽ. ഇവിടെ വന്നിട്ടുണ്ട്. വിളിച്ചാൽ ഫോൺ എടുക്കും. ഇപ്പോഴും നല്ല ബന്ധമാണ്. ഇവിടുത്തെ ആന്വൽ ഡേയ്ക്ക് ഒക്കെ അദ്ദേഹം ഉണ്ടായിരുന്നു.
സോമേട്ടൻ വെളുപ്പിന് 4 മണിക്ക് വന്നു ചോറുണ്ടിട്ട് 9 മണിക്കൊക്കെ പോകുമായിരുന്നു. അങ്ങിനെ കഷ്ടപ്പടുന്ന ഒരാളുടെ കാശ് എടുത്ത് സാരിയും ആഭരണവുമൊക്കെ വാങ്ങാൻ എനിക്ക് ഒരൂ ബുദ്ധിമുട്ട് തോന്നി. കാശിന്റെ കണക്കൊന്നും ചോദിക്കില്ല എല്ലാം ഞാൻ ആയിരുന്നു നോക്കിയിരുന്നത്. എന്നാലും എന്തെങ്കിലും ഒന്ന് എന്റെ വിദ്യാഭ്യാസത്തിനു പറ്റിയപോലെ ചെയ്യണമെന്ന് എനിക്ക് തോന്നി. അങ്ങിനെയാണ് ഭദ്ര സ്‌പൈസസ് തുടങ്ങുന്നത്. പേര് വരെ രജിസ്റ്റർ ചെയ്തതിനു ശേഷം ആണ് സോമേട്ടൻ അറിയുന്നത്. സോമേട്ടൻ പോകുന്ന അമ്പലം ഭദ്രകാളി ക്ഷേത്രമായിരുന്നു. അത്കൊണ്ടാണ് ഭദ്ര എന്ന് പേരിട്ടത്. ഇപ്പോഴും നന്നായി പോകുന്നുണ്ട്. സോമേട്ടൻ തന്നെയാണ് വിളക്ക് കൊളുത്തി ഉത്ഘാടനം ഒക്കെ ചെയ്തത്. 25 കൂട്ടം സാധനങ്ങൾ ഉണ്ട്. അത്യാവശ്യം വരുമാനം കിട്ടുന്നുണ്ട്. ആരെയും ആശ്രയിക്കേണ്ട കാര്യം വരുന്നില്ല. എക്സ്പോർട്ട് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും സോമേട്ടൻ ചെയ്യാൻ തുടങ്ങിയ സമയത്താണ് സോമേട്ടൻ അങ്ങ് പോയത്. ഓഫീസ് കാര്യങ്ങൾ ഒക്കെ ജമ്മുവിൽ പോയിട്ട് വന്നു ചെയ്യാൻ ആയിരുന്നു വിചാരിച്ചിരുന്നത്. പക്ഷെ ജമ്മുവിൽ നിന്ന് തിരിച്ചു വന്നപ്പോൾ സോമേട്ടൻ കിടന്നാണ് വന്നത്. അവസ്ഥ മോശമായി. പിജെ കുര്യൻ സർ ആയിരുന്നു അന്ന് സോമേട്ടനെ ഹോസ്പിറ്റലിൽ ആക്കാനും ഒക്കെ സഹായിച്ചത്.
സോമേട്ടന് പെട്ടെന്ന് ദേഷ്യം വരുമായിരുന്നു അത് പോലെ വേഗം ദേഷ്യം പോകുകയും ചെയ്യുമായിരുന്നു. നന്നായി വായിക്കുമായിരുന്നു. എല്ലാ മാഗസിനും വാങ്ങുമായിരുന്നു. വെഡ്ഡിങ്ങ് ആനിവേഴ്സറി ഒക്കെ എല്ലാവരെയും വിളിച്ചു ആഘോഷിക്കുമായിരുന്നു. സോമേട്ടൻ ആദ്യം വാങ്ങിച്ച വാഹനം അംബാസിഡർ ആണ്. മാരുതി എറണാകുളത്ത് നിന്നാണ് വാങ്ങുന്നത്. അദ്ദേഹം പോയതിനു ശേഷം സിനിമകൾ പിന്നെ കാണാറില്ല. ഇടയ്ക്കിടയ്ക്ക് അദ്ദേഹം എന്റെ സ്വപ്നത്തിൽ വരും” സുജാത പറയുന്നു.