India

ആഡംബരക്കാറിടിച്ച് 2 പേർ മരിച്ച സംഭവം; 17-കാരന്റെ ജാമ്യം ജുവനൈൽ കോടതി റദ്ദാക്കി

പൂനെ: പൂനെയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി. ജാമ്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് നൽകിയ റിവ്യൂ ഹർജിയിലാണ് നടപടി. ജൂൺ അഞ്ചു വരെ പ്രതി റീഹാബിലിറ്റേഷൻ ഹോമിൽ കഴിയണം. നേരത്തെ അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണമെന്നതടക്കം വിചിത്രമായ വ്യവസ്ഥകളോടെ പതിനേഴുകാരനെ ജാമ്യത്തിൽ വിട്ടതിൽ വ്യാപക വിമർശനമുയർന്നിരുന്നു.

നേരത്തേ സംഭവം നടന്ന് 15-മണിക്കൂറിനുള്ളില്‍ത്തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഏഴ് നിര്‍ദേശങ്ങള്‍ വെച്ചാണ് ജുവനൈല്‍ കോടതി ജാമ്യം നല്‍കിയത്. നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ ഉറപ്പും പരിഗണിച്ചാണ് ജാമ്യം നല്‍കികൊണ്ട് ഉത്തരവിട്ടത്.

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശിച്ച് എല്ലാ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് പ്രസന്റേഷന്‍ തയ്യാറാക്കണമെന്നും 15-ദിവസങ്ങള്‍ക്കകം അത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കണമെന്നും ജാമ്യം നല്‍കിയ ഉത്തരവിലുണ്ട്. റോഡപകടങ്ങളും അതിന്റെ പരിഹാരങ്ങളെ സംബന്ധിച്ചും 300-വാക്കില്‍ ഉപന്യാസമെഴുതണം, 15-ദിവസം ആര്‍.ടി.ഒ ഉദ്യോഗസ്ഥനെ സഹായിക്കുകയും ട്രാഫിക് നിയമങ്ങള്‍ പഠിക്കുകയും വേണം, ലഹരി വിമുക്ത കേന്ദ്രത്തില്‍ കൗണ്‍സിലിങ്ങിന് വിധേയനായി അതിന്റെ റിപ്പോര്‍ട്ട് നല്‍കണം തുടങ്ങിയ ഉപാധികളാണ് കോടതി ഉത്തരവിലുണ്ടായിരുന്നത്. ഭാവിയില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ കുട്ടി ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മോശം കൂട്ടുകെട്ടില്‍നിന്ന് കുട്ടിയെ അകറ്റിനിര്‍ത്തണമെന്നും രക്ഷാകര്‍ത്താവിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

അതേസമയം പ്രതിയുടെ അച്ഛൻ വിശാൽ അഗർവാളിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കുന്നതിനിടെ വിശാൽ അഗർവാളിനെ നേരെ ആൾക്കൂട്ടം മഷിയെറിഞ്ഞു. പ്രതിയ്ക്ക് മദ്യം നൽകിയ ബാറുടമയേയും മാനേജറേയും നേരത്തെ കസ്റ്റഡിയിൽ വിട്ടിരിന്നു. അപകടത്തിന് മുൻപ് പുണെയിലെ രണ്ട് പമ്പുകളിൽ മദ്യപാനത്തിനായി പതിനേഴുകാരനും സുഹൃത്തുക്കളും 48,000 രൂപ ചെലവാക്കിയെന്ന് പൊലീസ് കണ്ടെത്തി. ഇതിനിടെ പ്രതിക്ക് 25 വയസ് പൂർത്തിയാകും വരെ ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ട്രാൻസ്പോർട്ട് കമ്മിഷണർ വിലക്കി.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 02:15-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17-കാരന്‍ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എഞ്ചിനീയര്‍മാര്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്.