അഹമ്മദാബാദ്: ഐ.പി.എല്ലിന്റെ ചരിത്രത്തിൽ 8000 റൺസ് നേടുന്ന ആദ്യ താരമായി കിങ് കോഹ്ലി. 252-ാം മത്സരത്തിലാണ് കോഹ്ലിയുടെ നേട്ടം. എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. എട്ട് സെഞ്ച്വറികളും 55 അർദ്ധ സെഞ്ച്വറികളും സൂപ്പർതാരത്തിന്റെ അക്കൗണ്ടിലുണ്ട്. പുറത്താകാതെ നേടിയ 113 റൺസാണ് ഉയർന്ന സ്കോർ.
ഐ.പി.എൽ റൺവേട്ടയിൽ 222 മത്സരങ്ങളിൽനിന്ന് 6769 റൺസുമായി പഞ്ചാബ് കിങ്സ് നായകൻ ശിഖർ ധവാനാണ് കോഹ്ലിക്കു പിന്നിലുള്ളത്. 257 മത്സരങ്ങളിൽനിന്ന് 6628 റൺസുമായി ഹിറ്റ്മാൻ രോഹിത് ശർമ മൂന്നാമതുണ്ട്.
സീസണിൽ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ 15 മത്സരങ്ങളിൽനിന്ന് 741 റൺസുമായി ഏറെ മുന്നിലാണ് കോഹ്ലി. രാജസ്ഥാനെതിരായ മത്സരത്തിൽ 24 പന്തിൽ 33 റൺസെടുത്താണ് താരം പുറത്തായത്. ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതാണ് ബാറ്റിങ്. യുസ് വേന്ദ്ര ചഹലിന്റെ പന്തിൽ ഡി ഫെരേര ക്യാച്ചെടുത്താണ് താരം പുറത്തായത്.