ലണ്ടൻ: ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനക്കിന്റെ അപ്രതീക്ഷിത നീക്കം. സർക്കാരിന് എട്ട് മാസം കാലാവധി ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സർവേകളിൽ ഇന്ത്യൻ വംശജൻ കൂടിയായ റിഷി സുനക്കിന്റെ പാർട്ടി പിന്നിട്ട് നിൽകുമ്പോഴാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
റിഷി സുനക്ക് സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു. 1945നുശേഷം ആദ്യമായാണ് ബ്രിട്ടനിൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ത്യൻ വംശജനായ റിഷി സുനക് 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തിൽ ഉണ്ടായിരുന്നതെന്നും, സമ്പദ്ഘടന ശക്തിപ്പെടുത്താൻ തനിക്ക് കഴിഞ്ഞെന്നും സുനക്ക് പ്രതികരിച്ചു.