അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് രാജസ്ഥാന്റെ നേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ ലക്ഷ്യത്തിലെത്തി.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആർ.സി.ബിയുടെ തുടക്കം മികച്ചതായില്ല. സ്കോർ 37ൽ നിൽക്കെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ (17) നഷ്ടമായി. ട്രെൻഡ് ബോൾട്ടിന്റെ ഓവറിൽ റോമൻ പവൽ അത്യുഗ്രൻ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ ഗ്രീനുമായി ചേർന്ന് കോഹ്ലി സ്കോറിങ് ഉയർത്തി. പവർപ്ലെയിൽ 50 റൺസാണ് നേടിയത്. എന്നാൽ സ്കോർ 56ൽ നിൽക്കെ വിരാടിനെ പുറത്താക്കി യുസ്വേന്ദ്ര ചഹൽ ആർ.ആറിന് ബ്രേക്ക് ത്രൂ നൽകി. കൂറ്റനടിക്കുള്ള ശ്രമത്തിനിടെ കാമറൂൺ ഗ്രീൻ അശ്വിന് മുന്നിൽ വീണു. തൊട്ടടുത്ത പന്തിൽ ഗ്ലെൻ മാക്സ്വെല്ലിനെ(0)യും പുറത്താക്കി രാജസ്ഥാൻ ബെംഗളൂരുവിനെ വരിഞ്ഞുമുറുക്കി.
അവസാന ഓവറിൽ മഹിപാൽ ലോംറോർ ആഞ്ഞടിച്ചതോടെയാണ് (15 പന്തിൽ 28) ഭേദപ്പെട്ട സ്കോറിലേക്കുയർന്നത്. രാജസ്ഥാൻ നിരയിൽ നാല് ക്യാച്ചുമായി റോമൻ പവൽ ഫീൽഡിങിൽ മികച്ചു നിന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് ആദ്യ രണ്ടോവറില്‍ യശസ്വി ജയ്സ്വാളും ടോം കോഹ്ലർ കാഡ്മോറും ചേര്‍ന്ന് പതിഞ്ഞ തുടക്കമാണ് നല്‍കിയത്. ആദ്യ രണ്ടോവറില്‍ ആറ് റണ്‍സ് മാത്രമാണ് ഇരുവരും നേടിയത്. പിന്നീട് ഫെര്‍ഗൂസന്റെ ആറാം ഓവറില്‍ കാഡ്മറാണ് ആദ്യം പുറത്തായത് (15 പന്തില്‍ 20). പത്താം ഓവറില്‍ ജയ്സ്വാളും (30 പന്തില്‍ 45) മടങ്ങി. തൊട്ടടുത്ത ഓവറില്‍ ക്രീസില്‍നിന്ന് കയറിയടിക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണെ കാര്‍ത്തിക് സ്റ്റമ്പ് ചെയ്ത് പുറത്താക്കി (13 പന്തില്‍ 17).
12-ാം ഓവറില്‍ ടീം സ്കോര്‍ 100 കടന്നു. 14-ാം ഓവറില്‍ ധ്രുവ് ജുറേല്‍ റണ്ണൗട്ടായി (8) മടങ്ങിയതോടെ ടീം വീണ്ടും അപകടം മണത്തു. എന്നാല്‍ പിന്നീട് റിയാന്‍ പരാഗും ഹെറ്റ്മയറും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. 18-ാം ഓവറില്‍ പരാഗ് (26 പന്തില്‍ 36) വീഴുമ്പോള്‍ ടീം ഏതാണ്ട് വിജയവഴിയിലെത്തിയിരുന്നു. അതേ ഓവറില്‍ത്തന്നെ സിറാജ് ഹെറ്റ്മയറിനെയും പുറത്താക്കി (14 പന്തില്‍ 26). പിന്നീട് റോവ്മാന്‍ പവലും (8 പന്തില്‍ 16) അശ്വിനെ നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നിര്‍ത്തി ഒരോവര്‍ ബാക്കി നില്‍ക്കേ ബെംഗളൂരുവിനെ വിജയിപ്പിക്കുകയായിരുന്നു.