Kerala

ലീഡറിന്റെ മകള്‍ ഛത്തീസ്ഗഢ് ഗവര്‍ണറാകുമോ?: ഉറപ്പൊന്നും കിട്ടീല, കേട്ടു അത്രമാത്രം

ലീഡറിന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണറാകുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. കോണ്‍ഗ്രസില്‍ നിന്നു പോയാലും ഇരട്ടി ഊര്‍ജ്ജത്തോടെ തിരിച്ചു വരുമെന്നു കാണിക്കാന്‍ കൂടി പത്മജയ്ക്ക് ഇതിലൂടെ കഴിഞ്ഞാല്‍, ബി.ജെ.പിയുടെ സ്വീകാര്യത വര്‍ദ്ധിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കേരളത്തിലെ നേതാക്കളെയെല്ലാം ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം അനുനയിപ്പിക്കുന്നതും, ഒതുക്കുന്നതും ഗവര്‍ണര്‍ പദവി നല്‍കിക്കൊണ്ടാണ്. എന്നാല്‍, കേരളത്തിലേക്ക് ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറായി വിട്ടത്, ചിലതൊക്കെ കണക്കു കൂട്ടിയിട്ടാണെന്ന് ഗവര്‍ണറുടെ ശരീര ഭാഷയും ഇടപെടലുകളും കണ്ടാല്‍ മനസ്സിലാകും.

അങ്ങനെയൊന്നുമല്ല, കേരളത്തില്‍ നിന്നുള്ളവരെ മറ്റും സംസ്ഥാനങ്ങളില്‍ ഗവര്‍ണറാക്കുന്നത്. ബംഗാളില്‍ സി.വി. ആനന്ദ ബോലും, ഗോവയില്‍ പി.എസ്. ശ്രീധരന്‍പിള്ളയും നിലവില്‍ ഗവര്‍ണര്‍മാരാണ്. ആനന്ദബോസിന്റെ പേരില്‍ ലൈംഗികാരോപണം ഉന്നയിച്ചതല്ലാതെ മറ്റ് ഭരണപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന പരാതി ഉയര്‍ന്നിച്ചില്ല. പി.എസ്. ശ്രീധരന്‍ പിള്ളയാണെങ്കില്‍ ഗോവയില്‍ ഉണ്ടോയെന്നു പോലുമറിയില്ല.

കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറാക്കിയിരുന്നു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തു മത്സരിക്കാന്‍ വേണ്ടിയാണ് കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കി കൊണ്ടുവന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ കുമ്മനം തയ്യാറായില്ല. ഇതാ ഇപ്പോള്‍ ലീഡര്‍ കെ. കരുണാകരന്റെ മകളെ ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിക്കുന്നുവെന്നാണ് കേള്‍ക്കുന്നത്. ബി.ജെ.പി സംസ്ഥാന ഘടകം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിനും ഇതില്‍ എതിര്‍പ്പില്ല.

തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. പക്ഷെ, ഇക്കാര്യം പലതലങ്ങളില്‍ നിന്ന് കേട്ടു. എന്നാല്‍ തനിക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് പത്മജ പറയുന്നത്. നല്ല കാര്യങ്ങള്‍ ബിജെപി എനിക്ക് വേണ്ടി ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്നും പത്മജ ഉറപ്പിച്ചു പറയുന്നു. ഛത്തീസ്ഗഢ് ഗവര്‍ണര്‍ പദവി കിട്ടിയാല്‍ ലോട്ടറിയാണെന്നേ അതേക്കുറിച്ച് പറയാനുള്ളൂ. കാരണം, കോണ്‍ഗ്രസ്സില്‍ നിന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കില്ല.

അഥവാ ജയിക്കാന്‍ സാധ്യതയുള്ള സീറ്റു പോലും തോല്‍പ്പിച്ചു കൈയ്യില്‍ തരാന്‍ നേതാക്കളുമുണ്ട്. അതിനേക്കാള്‍ നല്ലത്, ബി.ജെ.പിയുടെ ഗവര്‍ണര്‍ സ്ഥാനമാണ്. ഇങ്ങനെയാകും പത്മജയുടെ ചിന്തകള്‍. ഇതിനോടൊപ്പം തെരഞ്ഞെടുപ്പു കഴിയുന്നതോടെ കോണ്‍ഗ്രസ്സിലെ മുന്‍നിര പിന്‍നിര നേതാക്കള്‍ പലരും ബി.ജെ.പിയിലേക്ക് ചാടുമെന്നും പത്മജ പറയുന്നു. ഇവരെ ബി.ജെ.പി എങ്ങനെ പരിഗണിക്കുമെന്നതില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്. കോണ്‍ഗ്രസ്സില്‍ നിന്നിട്ടും കിട്ടാത്ത പദവിയാണ് മിക്കവരും ചോദിക്കുന്നത്.

ഇത് ബി.ജെ.പി നല്‍കുമോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചാട്ടം നടക്കുക. വരുന്നവര്‍ക്കെല്ലാം പദവി നല്‍കാമെന്ന വാഗ്ദാനം നല്‍കുന്നത്, ബി.ജെ.പിയില്‍ ആഭ്യന്തര പ്രശ്‌നത്തിനു വഴിവെക്കുമോയെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. എന്നാല്‍, കേരളത്തിലെ ബി.ജെ.പി വളര്‍ത്താന്‍ ഇത്തരം മാറ്റങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും, കോണ്‍ഗ്രസ് സ്‌പോക്ക്മാന്‍ ആയിരുന്ന ടോം വടക്കനുമൊക്കെ ബി.ജെ.പിയില്‍ പോയത് സ്ഥാനം ആഗ്രഹിച്ചു തന്നെയാണ്. അനില്‍ ആന്റണി പത്തനംതിട്ട സ്ഥാനാര്‍ത്ഥിയായതും അതിന്റെ ഭാഗമായാണ്.

തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് അടുത്ത മാസം നാലിന് അറിയാന്‍ കഴിയും. അതിനു ശേഷം കേരളത്തില്‍ നിന്നും എത്രപേര്‍ കേന്ദ്ര സഹമന്ത്രിമാരാവുമെന്നും, എത്രപേര്‍ ഗവര്‍ണര്‍മാര്‍ ആകുമെന്നും അറിയാനാകും. തോറ്റാലും ജയിച്ചാലും കേന്ദ്ര സഹമന്ത്രിമാരാകുന്ന കുറേപ്പേര്‍ ഇപ്പോഴും കേരളത്തിലുണ്ട്. ഇങ്ങനെ കേന്ദ്രമന്ത്രിമാര്‍ ആകുമ്പോള്‍ കേരളത്തിന് ഗുണമുണ്ടാകണം എന്നു ചിന്തിച്ചാല്‍ മതി.